തന്റെ ഭാവി സിനിമാ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വെളിപ്പെടുത്തി ഷാരൂഖ് ഖാൻ. ഒരു അന്താരാഷ്ട്ര സിനിമയുടെ ഭാഗമാകാത്തതിനെക്കുറിച്ചും തന്റെ കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും താരം തുറന്നു പറഞ്ഞു.
ദുബായിൽ നടന്ന 2024 വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരിക്കുമ്പോഴായിരുന്നു ഷാരൂഖ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
തന്റെ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായും എന്നാൽ ഇതിന് 35 വർഷം കൂടിയെടുക്കുമെന്നാണ് ഷാരൂഖ് വ്യക്തമാക്കിയത്.
ലോകം മുഴുവൻ ഇഷ്ടപ്പെടുന്ന സിനിമയുടെ ഭാഗമകാൻ ഞാൻ ആഗ്രഹിക്കുന്നു. ജെയിംസ് ബോണ്ടായി അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.
പ്രേക്ഷകരെ തന്റെ മുൻഗണന ആക്കുന്നതിനെക്കുറിച്ചുള്ള ഏറ്റവും മികച്ച വിശദീകരണമാണ് ഷാരൂഖ് നൽകിയത്. താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള സിനിമകൾ മാത്രമാണ് ഒരു കാലത്ത് ചെയ്തിരുന്നത്. പ്രേക്ഷകർ തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മറന്നുപോയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പിന്നീട് താൻ സ്നേഹവും പ്രതീക്ഷയും കൊടുക്കുന്നതാണ് പ്രേക്ഷകർക്ക് ഇഷ്ടമെന്ന് തിരിച്ചറിഞ്ഞെന്നും അതുതന്നെ അവർക്ക് തിരികെ നല്കാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കരിയറിൽ ഒരിക്കലും ചെയ്യാൻ സാധ്യതയില്ലാത്ത സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ, ഇനി ഒരിക്കലും പ്രതീക്ഷ നൽകാത്ത സിനിമ ചെയ്യില്ലെന്നായിരുന്നു താരം മറുപടി നൽകിയത്.
ലോകത്തിൽ ആവശ്യത്തിലധികം ദുഖമുണ്ട്. അതുകൊണ്ട് പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ പ്രേക്ഷകരിൽ എത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എനിക്ക് എന്റെ കരിയർ അവസാനിപ്പിക്കണം. എന്നാൽ അതിന് സമയമായിട്ടില്ല. എനിക്കിനിയും കുറഞ്ഞത് 35 കൊല്ലമെങ്കിലും മുന്നോട്ട് പോകാനുണ്ട്. ലോകം മുഴുവൻ ഇഷ്ടപ്പെടുന്ന ഒരു സിനിമ ചെയ്യാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. അത് സംഭവിച്ച് കഴിഞ്ഞാൽ, പിന്നെ ഇതുപോലൊരു വലിയ വേദിയിൽ എന്തുകൊണ്ട് നിങ്ങൾ അത്തരമൊരു സിനിമ ചെയ്തില്ല എന്ന ചോദ്യം ആരും എന്നോട് ചോദിക്കില്ല. കാരണം ആ സിനിമ എന്നെ മറികടക്കുന്നതായിരിക്കും, അദ്ദേഹം പറഞ്ഞു.
2018 നും 2023 നും ഇടയിൽ സിനിമയിൽ ഇടവേളയെടുത്ത സമയത്ത് താൻ പിസ ഉണ്ടാക്കാൻ പഠിച്ചുവെന്നും ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച പിസ്സകൾ നിർമ്മിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക