ജിസ് ജോയുടെ സംവിധാനത്തിൽ ഒരുക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ‘തലവൻ’ പുതിയ റിലീസ് തീയതി പുറത്ത്. ചിത്രം മാർച്ച് ഒന്നാം തീയതി ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നേരത്തെ തലവൻ ഫെബ്രുവരി അവസാനത്തോടെ റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. ആസിഫ് അലിക്കൊപ്പം ബിജു മേനോനും സി ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിൽ നടക്കുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ചിത്രീകരിച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് തലവൻ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന തലവന് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ശരൺ വേലായുധൻ ആണ് ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയൻ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക