സൂര്യ നായകനായെത്തുന്ന പുതിയ ചിത്രം ‘കങ്കുവ’ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും ഗംഭീര വരവേൽപ്പും കിട്ടാറുണ്ട്. ഇപ്പോഴിതാ കങ്കുവയുടെ പുത്തൻ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചിത്രത്തിനായി സൂര്യ ഡബ്ബിങ് ആരംഭിച്ചുവെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്ന വാർത്ത. നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിനായി സൂര്യ ഡബ്ബ് ചെയ്യുന്ന ചിത്രങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
സൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു. തെന്നിന്ത്യൻ- മലയാളി സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവാ’ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ്. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’ പീരിയോഡിക് ത്രീഡി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. 38 ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് സൂര്യയുടെ നായിക. വില്ലൻ വേഷത്തിൽ ബോബി ഡിയോലെത്തും. സൂര്യയുടെ ഇതുവരെ കാണാത്ത വ്യത്യസ്ത വേഷപ്പകർച്ചയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക