ഉലുവ നാം പൊതുവേ ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഉലുവ മാത്രമല്ല, ഉലുവായിലയും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. നോര്‍ത്തിന്ത്യന്‍ പാചകരീതിയില്‍ ഉലുവായില ഉപയോഗിയ്ക്കാറുണ്ട്. പ്രത്യേകിച്ചും ഉണക്കിയ ഉലുവയില. കസൂരി മേത്തി എന്നാണ് ഇത് അറിയപ്പെടുന്നത്.
ഉലുവയില ഉണക്കി പൊടിച്ചതാണ് ഇത്. സാധാരണ രുചിയ്ക്കും മണത്തിനുമായാണ് കസൂരി മേത്തി കറികളില്‍ ഉപയോഗിയ്ക്കുന്നതെങ്കിലും ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.
വീക്കം കുറയ്ക്കാനും ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാനും സഹായിക്കുന്ന ഒന്നാണിത്. കാല്‍സ്യം സമ്പുഷ്ടമായ കസൂരി മേത്തി മഗ്നീഷ്യം അടങ്ങിയ ഒന്നാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
തണുപ്പുള്ള കാലാവസ്ഥയില്‍ കഴിയ്ക്കാവുന്ന മികച്ചൊരു ഭക്ഷണ വസ്തുവാണ് ഇത്. ഇത് ശരീരത്തിന് ചൂട് നല്കുന്നു. തണുപ്പുകാലത്ത് പലര്‍ക്കും സന്ധിവേദന പതിവാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കസൂരി മേത്തി. ദഹനാരോഗ്യം മെച്ചപ്പെടുത്താനും ഇതേറെ ഗുണകരമാണ്. ദഹനക്കേടിനും വയര്‍ വന്ന് വീര്‍ക്കുന്നതിനും ഇത് നല്ലൊരു പരിഹാരമാണ്.
ചര്‍മത്തിന്റെ ആരോഗ്യത്തിനും കസൂരി മേത്തി ഏറെ ഗുണകരമാണ്. ഇതില്‍ ധാരാളം ന്യൂട്രിയന്റുകളും ആന്റിഓക്സിഡന്റുകളുമല്ലൊം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്കാന് സഹായിക്കുന്നു. ചര്‍മത്തിന് തിളക്കം നല്കുന്നു. കഫക്കെട്ട് പോലുള്ള പ്രശ്നങ്ങള്‍ക്കും കസൂരി മേത്തി നല്ലൊരു പരിഹാരം തന്നെയാണ്. ഇത് ശ്വസനം സുഖകരമാക്കാന്‍ സഹായിക്കുന്നു. നെഞ്ചിലെ കഫക്കെട്ട് ഒഴിവാക്കുന്നു. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും കസൂരി മേത്തി നല്ലതാണ്.
വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഇവ വെയ്ലത്തുവച്ച് ഉണക്കിയാണ് പലരും പൊടിച്ചെടുക്കുന്നത്. എന്നാല്‍ തണുപ്പ് തുടങ്ങുന്നതോടെ ഈ രീതി പിന്തുടരുന്നത് അത്ര എളുപ്പമാകില്ല.
എന്നാലും മൈക്രോവേവ് ഉപയോഗിച്ച് വളരെ പെട്ടെന്ന് ഉലുവയില ഉണക്കിയെടുക്കാം. തണുപ്പുകാലത്ത് മാത്രമല്ല പെട്ടെന്ന് കസൂരി മേത്തി വേണമെന്നുണ്ടെങ്കില്‍ ഇതുതന്നെയാണ് എളുപ്പമാര്‍ഗ്ഗം.
തണ്ടില്‍ നിന്ന് ഇല അടര്‍ത്തിയെടുത്ത് നന്നായി കഴുകുക. ഇലയില്‍ നിന്ന് വെള്ളം പോകാനായി ഒരു പാത്രത്തില്‍ കുറച്ചുസമയം വയ്ക്കാം. വെള്ളം നന്നായി പോയതിന് ശേഷം മൈക്രോവേവ് ചെയ്യാന്‍ കഴിയുന്ന ഒരു പാത്രത്തിലേക്ക് ഇല മാറ്റാം. ഇത് മൈക്രോവേവിനകത്ത് ഏറ്റവും കൂടിയ താപനില സെറ്റ് ചെയ്ത് 3-4 മിനിറ്റ് വെക്കണം.
പാത്രം പുറത്തെടുക്കുമ്പോള്‍ ഇലകള്‍ കുറച്ച് ഉണങ്ങിയിട്ടുണ്ടാകും. ഈ സമയം ഇലകള്‍ മറിച്ചിടണം. വീണ്ടും മൈക്രോവേവില്‍ ഉയര്‍ന്ന താപനിലയില്‍ രണ്ട് മിനിറ്റ് വെക്കണം. പുറത്തെടുക്കുമ്പോള്‍ ഇലകള്‍ പൂര്‍ണ്ണമായും ഉണങ്ങിയതായി കാണാം. ഇത് ചൂടാറാന്‍ കാത്തിരിക്കാം.
ഇലകള്‍ തണുത്തുകഴിയുമ്പോള്‍ കൈകള്‍കൊണ്ടുതന്നെ ഇതിനെ പൊടിച്ചെടുക്കാം. എയര്‍ടൈറ്റ് ആയിട്ടുള്ള പാത്രത്തില്‍ വേണം സൂക്ഷിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക