റാഞ്ചി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടം. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും 12 പേര് മരിക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ജംതാരയിലാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടായെന്ന് കേട്ട് ട്രെയിനില്‍ നിന്ന് പാളത്തിലേക്ക് ചാടിയിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ബഗല്‍പൂര്‍- ആങ് എക്സ്പ്രസില്‍ തീപിടിത്തം ഉണ്ടായി എന്ന വിവരത്തെ തുടര്‍ന്നാണ് യാത്രക്കാര്‍ പുറത്തേക്ക് ചാടിയത്. ഇവരെ അടുത്ത ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തിയതായി ജംതാര ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും സംഭവസ്ഥലത്തേക്ക് ഡോക്ടര്‍മാരും ആംബുലന്‍സുകളും എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ജംതാര ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശിഭൂഷണ്‍ മെഹ്റ അറിയിച്ചു.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ റെയില്‍വെ അന്വേഷണം ആരംഭിച്ചു.
അതേസമയം, റെയില്‍വെ ട്രാക്കിലൂടെ നടന്നുപോയവരെയാണ് ട്രെയിന്‍ ഇടിച്ചതെന്നാണ് റെയില്‍വെയുടെ വിശദീകരണം. ട്രെയിനില്‍ തീപിടിത്തമുണ്ടായിരുന്നില്ലെന്നും മറ്റൊരു ട്രെയിന്‍ ഇടിച്ച് മരിച്ച രണ്ടു പേര് യാത്രക്കാരല്ലെന്നും സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക മൂന്നംഗ സംഘത്തെ നിയോഗിച്ചതായും റെയില്‍വെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക