തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സാധാരണയേക്കാൾ 2- 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂട് ഈ ജില്ലകളിൽ ഇന്ന് അനുഭവപ്പെടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം, ചൂട് ഉയരുന്ന സാഹചര്യത്തിൽ പകൽ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ചൂട് വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ വ പകൽ സമയത്ത് ഒഴിവാക്കുന്നത് നല്ലതായിരിക്കും.
അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓ ആർ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ മാലിന്യ ശേഖരണ – നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൽ വർദ്ധിക്കാൻ സാധ്യത കൂടുതലാണ്.
ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക