ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര് എന്ന സിനിമയിൽ പ്രശസ്ത തെന്നിന്ത്യന്‍ നടി അനുഷ്ക ഷെട്ടി ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ കത്തനാരിന്റെ അണിയറ പ്രവർത്തകർ സ്വീകരിച്ചു. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ.
അനുഷ്ക ഷെട്ടി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. അരുന്ധതി, ബാഹുബലി, രുദ്രമാദേവി, ഭാഗമതി എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച അനുഷ്ക ഷെട്ടിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനമാണ് പ്രേക്ഷകർക്കായി കത്തനാരിലൂടെ ഒരുക്കുന്നത്. താരത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഇത് വെറുമൊരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് ചിത്രങ്ങൾ വരാനുണ്ട്. പ്രേക്ഷകർക്ക് കൂടുതൽ ദൃശ്യവിരുന്നൊരുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തിയുടെ വാക്കുകള്‍.
വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലിംപ്സ് ജയസൂര്യയുടെ പിറന്നാൾ ദിവസത്തിൽ പുറത്തുവിട്ടിരുന്നു. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് വീഡിയോയ്ക്ക് കിട്ടിയത്. 45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ബിഗ് ബജറ്റിലൊരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക