വെളിച്ചെണ്ണ പോലെ പ്രിയപ്പെട്ടതാണ് വടക്കേ ഇന്ത്യക്കാർക്ക് കടുകെണ്ണയും. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണിത് കടുകെണ്ണ. കടുകെണ്ണയിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിന്റെയും മുടിയുടെയും പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യമുള്ളതാക്കുകയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം തടയും. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റും പോളി അൺസാച്ചുറേറ്റഡ് ഫാറ്റും കടുകെണ്ണയിലുണ്ട്. ഇവ രണ്ടും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. കൊളസ്ട്രോളിനെ നിയന്ത്രണത്തിലാക്കുക വഴി ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുന്നു.
ബാക്ടീരിയ, ഫംഗസ്, വൈറസ് ഇവയെ പ്രതിരോധിക്കുന്നതിനാൽ ദഹന വ്യവസ്ഥയെ അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. ഉയർന്ന സ്മോക്കിങ്ങ് പോയിന്റ് ഉള്ളതിനാൽ വറുക്കാൻ ഈ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്.
ഒമേഗ 3 ഒമേഗ 6 ഫാറ്റി ആസിഡുകൾ മിതമായ തോതിൽ അടങ്ങിയിരിക്കുന്നു. സാച്ചുറേറ്റഡ് ഫാറ്റ് കുറവാണ്. നല്ല കൊഴുപ്പുകൾ ആയ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് കടുകെണ്ണയിൽ 60 ശതമാനം അടങ്ങിയിട്ടുണ്ട്. അതുപോലെ പോളി അൺസാച്ചുറേറ്റഡ് ഫാറ്റും.
കടുകെണ്ണയിൽ അടങ്ങിയ ലിനോലെനിക് ആസിഡ് അർബുദത്തെ പ്രതിരോധിക്കുന്നു. കൂടാതെ ദഹനത്തിനും സഹായകം. ദഹന രസങ്ങളെ ഉദ്ദീപിപ്പിക്കുക വഴി വിശപ്പുണ്ടാകാനും ഇത് സഹായിക്കുന്നു.
കടുകെണ്ണയിൽ ജീവകം ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ആരോഗ്യത്തിനു ഗുണകരമാണ്. ചർമത്തെ ഫ്രീ റാഡിക്കലുകളുടെ നാശത്തിൽ നിന്നു സംരക്ഷിക്കുന്നു.
കടുകെണ്ണ ദേഹത്ത് പുരട്ടി തടവുന്നത് രക്തചംക്രമണം വർധിപ്പിക്കുന്നു. പ്രതിരോധ ശക്തി കൂട്ടുന്നു. കടുകെണ്ണ പതിവായി ഉപയോഗിക്കുന്നത് താരൻ തടയാനും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു.
സന്ധിവേദന കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പ്രതിവിധിയാണ് കടുകെണ്ണ. ചെറു ചൂടുള്ള കടുകെണ്ണ ഉപയോഗിച്ച് പതിവായി മസാജ് ചെയ്താൽ സന്ധിവേദനയിൽ നിന്ന് ആശ്വാസം കണ്ടെത്താം.
ശൈത്യകാലത്തെ തണുത്തതും വരണ്ടതുമായ കാറ്റ് ജലദോഷം, പനി, വൈറൽ പനി, ചർമ്മ പ്രശ്നങ്ങൾ, ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. കടുകെണ്ണ ഇത്തരം രോഗങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു. മാത്രമല്ല, ചില ഗുരുതരമായ രോഗങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നതിനും കടുകെണ്ണ സഹായിക്കുന്നു.
ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങളെ മറികടക്കാൻ സഹായിക്കുന്നു. തണുപ്പുകാലത്ത് ജലദോഷവും ചുമയും വളരെ സാധാരണമാണ്. ഏതാനും തുള്ളി കടുകെണ്ണ നെഞ്ചിലും മൂക്കിലും പുരട്ടിയാൽ തൽക്ഷണ ആശ്വാസം ലഭിക്കും. നെഞ്ചിൽ അടിഞ്ഞുകൂടിയ കഫം പുറന്തള്ളാനും ശരീരത്തിലെ ദ്രാവകം നീക്കം ചെയ്യാനും ഈ എണ്ണ സഹായിക്കുന്നു.
കാശ്മീർ, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പാചകത്തിന് കടുകെണ്ണയാണ് ഉപയോഗിക്കുന്നത്. സസ്യ സസ്യേതര ഭക്ഷണങ്ങൾ പാകം ചെയ്യാനും അച്ചാറിലും കടുകെണ്ണ ഉപയോഗിക്കുന്നു. നാരങ്ങയ്ക്കും തേനിനും ഒപ്പം സാലഡ് ഡ്രസിങ്ങിനും കടുകെണ്ണ ഉപയോഗിക്കുന്നു. തണുപ്പുകാലത്ത് കടുകെണ്ണയുടെ ഉപയോഗം ഏറെ ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക