ബ്രിട്ടൻ: യാത്രക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. ബാങ്കോക്കില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ഇവിഎ എയറിലാണ് നാടകീയ സംഭവങ്ങൾ നടന്നത്.
വിമാനത്തിനുള്ളിലെ ശുചിമുറിയിലാണ് യാത്രക്കാരൻ ജീവനൊടുക്കാൻ ശ്രമം നടത്തിയത്. പിന്നാലെ വിമാനം ഹീത്രൂ എയർപോർട്ടിൽ ഇറക്കുകയായിരുന്നു. വിമാനത്തിനുള്ളിലെ ജീവനക്കാരാണ് ഒരുപാട് സമയം കഴിഞ്ഞിട്ടും ശുചിമുറിയിൽ നിന്നും പുറത്തിറങ്ങാത്ത യാത്രക്കാരനെ ശ്രദ്ധിക്കുന്നത്. ജീവനക്കാരാണ് ഇയാളെ ശുചിമുറിയിൽ നിന്നും പുറത്തിറക്കുന്നതും.
ഉടനെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ വിമാനം അടിയന്തിരമായി ലാൻഡ് ചെയ്യുകയായിരുന്നു. അതേസമയം യാത്രക്കാരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രാദേശിക സമയം വൈകീട്ട് ഏഴ് മണിയോടെയാണ് ഹീത്രൂ എയർപോർട്ടിൽ വിമാനം ഇറക്കുന്നത്. ഉടനെ ആത്മഹത്യയ്ക്ക് ശ്രമിച്ച ആളെ ആശുപത്രിയിലേക്ക് മാറ്റി.
വാർത്ത സ്ഥിരീകരിച്ച ഇവിഎ എയർ സംഭവത്തെക്കുറിച്ച് കൂടുതൽ വിശദ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷത്തിന്റെ തുടക്കത്തിലും സമാന രീതിയിൽ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. യുകെയിൽ നിന്നും സ്പെയ്നിലേക്ക് പോയ റയാൻഎയറാണ് പോർച്ചുഗലിൽ അടിയന്തിരമായി ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക