എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മദ്യനയ അഴിമതി കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ സമർപ്പിച്ച ഹർജി അരവിന്ദ് കെജരിവാൾ പിൻവലിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തടസഹർജി നൽകിയതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാൾ ഹർജി പിൻവലിച്ചത്.
ഏതെങ്കിലും സാഹചര്യത്തിൽ സുപ്രീംകോടതി ഹർജി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയാണെങ്കിൽ ജാമ്യ ഹർജി ഉൾപ്പെടെ സമർപ്പിക്കുന്നതിൽ വീഴ്ച ഉണ്ടാകരുത് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അരവിന്ദ് കെജ്രിവാൾ ഹർജി പിൻവലിച്ചത്. അഭിഭാഷകർക്ക് വിചാരണ കോടതിയിൽ ജാമ്യ ഹർജി സമർപ്പിക്കാം എന്നും വേഗത്തിൽ വാദം കേട്ട് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടാം എന്നും കോടതി അറിയിച്ചു.
അതേസമയം മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബി ആർ എസ് നേതാവ് കവിതയുടെ ജാമ്യ ഹർജി സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ജാമ്യ അപേക്ഷയുമായി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാതെ വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുകയാണ്.
ബിജെപി ഓഫീസിലേക്ക് ഐടി ഒ പരിസരത്തുനിന്ന് മാർച്ചിന് ഒരുങ്ങിയ ആം ആദ്മി പ്രവർത്തകരെ പോലീസ് തടഞ്ഞത് വൻ സംഘർഷത്തിന് ഇടയാക്കിയിരുന്നു. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക