മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഡിനോ ഡെന്നീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ബസൂക്ക’യ്ക്ക് പാക്കപ്പ്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ വിവരം ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി അണിയറ പ്രവർത്തകർ ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അറിയിച്ചത്.
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി പൂർണ്ണമായും ഗെയിം ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ അവസാനവട്ട ചിത്രീകരണം 2024 ഫെബ്രുവരി 23നാണ് ആരംഭിച്ചത്. ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടോവിനോ തോമസ് ചിത്രത്തിനുശേഷം തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനുവി എബ്രഹാം ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ ഗൗതം വസുദേവ് മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ സംവിധായകനായ ഡിനോ ഡെന്നിസ് തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ്. പൂർണ്ണമായും ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം കഥയിലും അവതരണത്തിലും തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിലേക്ക് നയിച്ചുകൊണ്ട് അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സമ്മാനിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മമ്മൂട്ടിയെ കൂടാതെ സിദ്ധാർത് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത്ത് നവല്, സ്ഫടികം ജോർജ് , ദിവ്യ പിള്ള, ഐശ്വര്യ മേനോൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നൗഫൽ അബ്ദുള്ളയാണ്. കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക