ഇന്ത്യയൊട്ടാകെ പ്രിയങ്കരമായ മധുരപലഹാരങ്ങളിൽ ഒന്നാണ് രസഗുള. കിഴക്കൻ ഇന്ത്യയിലാണ് ഈ വിഭവം ഉത്ഭവിച്ചത്. പ്രത്യേകിച്ചും, ബംഗാൾ, ഒറീസ സംസ്ഥാനങ്ങളിൽ. ലക്ഷ്മി ദേവിക്കുള്ള നവരാത്രി പ്രസാദമായി ഇത് വിളമ്പുന്നു. ഉത്സവ വേളയിൽ തയ്യാറാക്കാവുന്ന ഏറ്റവും മികച്ച വിഭവമാണിത്. കുട്ടികൾക്ക് എല്ലാം വളരെ വേഗം ഇത് ഇഷ്ടപ്പെടും. ഇതാ വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാവുന്നതാണ്. ടേസ്റ്റി രസഗുള വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
പാൽ – 1.5 ലിറ്റർ
നാരങ്ങ നീര് അല്ലെങ്കിൽ വിനാഗിരി – 1.5 ടേബിൾ സ്പൂൺ
റവ – 1 ടീ സ്പൂൺ
കോൺഫ്ലോർ – 1 ടീ സ്പൂൺ
പാൽപ്പൊടി – 1 ടേബിൾ സ്പൂൺ
പഞ്ചസാര – 250 ഗ്രാം
വെള്ളം – 1 1/2 കപ്പ്
പനീർ – 1 തുള്ളി
പാൽ – 1 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ നാരങ്ങ നീര് ഒഴിച്ച് നന്നായി ഇളക്കുക. പനീർ അരിച്ചെടുക്കുക. തണുത്ത വെള്ളം ഒഴിച്ച് 2-3 തവണ കഴുകി, തുണിയിൽ കെട്ടി വയ്ക്കുക.
2 മണിക്കൂറിന് ശേഷം പനീർ കുഴച്ചെടുക്കുക. 10 മിനിറ്റോളം കുഴക്കുക, അതിലേക്ക് റവ, കോൺഫ്ലോർ ചേർത്ത് വീണ്ടും 5 മിനിറ്റ് കുഴക്കുക. രസഗുള നല്ല സോഫ്റ്റ് ആവാൻ വേണ്ടിയിട്ടാണ് കുഴക്കുന്നത്. പിന്നീട് പാൽ പൊടി ചേർത്തിയിട്ടും കുഴക്കുക.
പഞ്ചസാരയും വെള്ളവും കൂടി നന്നായി തിളപ്പിക്കുക. അതിലേക്ക് 1ടീ സ്പൂൺ പാൽ ചേർക്കുക. പഞ്ചസാരയിൽ ഉള്ള അഴുക്ക് നീക്കാൻ ഇത് സഹായിക്കും. പനീർ ചെറിയ ഉരുളകളാക്കി പഞ്ചസാര പാനിയിലേക്കു ചേർത്ത് തിളപ്പിക്കുക. ചെറിയ തീയിൽ 15 മിനിറ്റോളം വേവിക്കണം. അതിന് ശേഷം തീ ഓഫ് ചെയ്ത് ഒരു തുള്ളി പനീർ ഒഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക