നിറങ്ങളുടെ ആഘോഷമായ ഹോളിയെ വരവേല്ക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഹോളി ‘വസന്തോത്സവം’ ആയി ആഘോഷിക്കപ്പെടുന്നു. മാർച്ച് 25നാണ് ഹോളി ആഘോഷം.
നിറമുള്ള പൊടികളും വാട്ടർ ബലൂണുകളും ആഘോഷത്തിന്റെ ആവേശം വർധിപ്പിക്കുമ്പോൾ ചർമം സംരക്ഷിക്കാൻ മറക്കരുത്. ഹോളി ആഘോഷിക്കുന്നതിന് മുമ്പും പിമ്പും ചർമത്തിന് വേണം കൃത്യമായ പരിചരണം.
ആഘോഷത്തിന് മുൻപ് നല്ല കട്ടിയിൽ തന്നെ മുഖത്ത് മോയ്സ്ചറൈസർ ഇടണം. മോയ്സ്ചറൈസർ ഇല്ലാത്തവർ വെളിച്ചെണ്ണ നല്ല അളവിൽ മുഖത്ത് തേച്ചാലും മതി.
കുറഞ്ഞത് 30 എസ്പിഎഫ് എങ്കിലും അടങ്ങിയ സൺസ്ക്രീൻ പ്രയോഗിക്കുക. എസ്പിഎഫ് കൂടുതൽ ഉള്ളത് ഉപയോഗിക്കുന്നതാവും ഏറ്റവും മികച്ചത്. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും കൈകളിലും എല്ലാം ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഫുൾസ്ലീവ് വസ്ത്രങ്ങൾ, കണ്ണുകളുടെ സംരക്ഷണത്തിന് സൺ ഗ്ലാസുകൾ, നിറങ്ങൾ കാരണം മുടിക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സ്കാർഫ് എന്നിവ ധരിക്കാൻ ശ്രദ്ധിക്കുക.
നഖങ്ങൾക്കുള്ളിൽ നിറങ്ങൾ അടിഞ്ഞുകൂടുന്നത് തടയാൻ ശ്രമിക്കുക. നഖം വെട്ടുന്നതോ നീളൻ നഖമുള്ളവർ ഹോളിക്ക് ശേഷം അത് വൃത്തിയായി കഴുകാനോ ശ്രദ്ധിക്കുക.
കെമിക്കൽ ഉള്ള നിറങ്ങൾക്ക് പകരം പൂക്കൾ, പച്ചക്കറികൾ, ഇലകൾ മുതലായവ ഉപയോഗിച്ച് നിർമിച്ച ഹെർബൽ നിറങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കാം. വാങ്ങുന്നതിന് മുമ്പ് നിറങ്ങളുടെ ചേരുവകൾ എപ്പോഴും പരിശോധിക്കുക.
ഹോളി ആഘോഷങ്ങൾ എല്ലാം കഴിഞ്ഞതിന് ശേഷം, ഇളം ചൂടുവെള്ളത്തിൽ നിറങ്ങൾ കഴുകുക. ചിലർ നിറങ്ങൾ കളയാൻ ശരീരത്തിൽ ശക്തിയായി ഉരക്കുന്നത് കാണാം. അതൊരിക്കലും ചെയ്യരുത്.
കുളി കഴിഞ്ഞയുടനെ നനഞ്ഞ ചർമത്തിൽ മോയ്സ്ചറൈസർ പുരട്ടുക, ഇത് ചർമത്തിനുള്ളിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
ചർമത്തിൽ ഇറിറ്റേഷൻ അനുഭവപ്പെടുന്നുണ്ടെങ്കിൽ, വെളിച്ചെണ്ണ അല്ലെങ്കിൽ കറ്റാർ വാഴ ജെൽ എന്നിവ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക