ആയുർവേദ മരുന്നുകളിൽ ഏറെ പ്രാധാന്യം നിറഞ്ഞ ഒന്നാണ് അയമോദകം. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ അയമോദകം വയറിന് ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. നിരവധി അസുഖങ്ങൾക്ക് ചേരുവയായും ഉപയോഗിക്കുന്ന അയമോദകം വായുക്ഷോഭം, അജീർണ്ണം, ദഹന കുറവ് എന്നിവക്ക് വളരെ നല്ല ഒറ്റമൂലിയാണ്.
കേരളത്തിൽ അയമോദകം കൃഷി വളരെ പരിമിതമാണ്. ‘ആംബല്ലി ഫെറ’ എന്ന കുടുംബത്തിലെ അംഗമായ അയമോദകം വീട്ടുപരിസരത്ത് ഗ്രോ ബാഗിൽ കൃഷി ചെയ്യാവുന്ന ഒന്നാണ്. അയമോദകം ചെടിയുടെ എല്ലാ ഭാഗത്തും ഉള്ള തൈലാംശം ഇത് സുഗന്ധപൂരിതമാക്കുന്നതിന് കാരണമാകുന്നു. ‘തൈമോൾ’ എന്ന രാസ സംയുക്തത്തോടൊപ്പം പൈനിൽ, സ്റ്റെറിൻ, ഫില്ലാഡെറിൻ, കരോൺ, ഡില്ലാപ്പിയോൾ, ഡിപ്പെന്റിൽ, കർവാക്രോൾ, ലിമോണിൻ, പിസൈമിൻ എന്നീ ഘടകങ്ങളും അടങ്ങിയതിനാൽ സുഗന്ധവും ഔഷധമൂല്യവും ഉയർത്തിപ്പിടിക്കുന്ന ഒന്നുകൂടിയാണ് അയമോദകം.
പ്രധാനമായും അയമോദകം ഇന്ത്യയിൽ കൃഷി ചെയ്യുന്നത് ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ്. കൃഷി ചെയ്യുന്നതിന് മിതമായ തണുപ്പുള്ള വരണ്ട കാലാവസ്ഥയും വളക്കൂറുള്ളതും നീർവാർച്ച സൗകര്യം ഉള്ളതുമായ മണ്ണാണ് അനുയോജ്യം. വരൾച്ചക്കാലം ആരംഭിക്കുന്ന മഴക്കാലം അവസാനിച്ച ശേഷമുള്ള കാലാവസ്ഥയാണ് അയമോദകം കൃഷിക്ക് കേരളത്തിൽ അനുയോജ്യമായ കാലാവസ്ഥ.
നിലം നന്നായി ഉഴുതുമറിച്ചതിനു ശേഷം ജൈവവളം ചേർത്തു കൊടുക്കണം. അകലം ക്രമീകരിക്കുന്നതിനായി മണലുമായി ചേർത്തതിനുശേഷം വിത്തു വിതയ്ക്കാൻ ശ്രദ്ധിക്കാം. ഒന്നര സെന്റീമീറ്ററിൽ അധികം വിത്ത് വിതയ്ക്കുമ്പോൾ താഴ്ന്നു പോകാതിരിക്കാൻ ശ്രദ്ധിക്കണം. കൃഷിയിറക്കുന്നതിന് 45 സെന്റീമീറ്റർ അകലത്തിൽ ചെറിയ ചാലുകൾ എടുത്ത് വിത്ത് നുരി വച്ചും കൃഷിയിറക്കാവുന്നതാണ്.
വേനലിൽ നനച്ചും മഴയത്തും ചെയ്യാവുന്ന കൃഷിയിൽ വിത്തുകൾ മുളച്ചു വരാൻ പത്ത് മുതൽ 12 ദിവസം സമയം എടുക്കും. ഗ്രോ ബാക്കിൽ കൃഷി ചെയ്യുമ്പോൾ വിത്ത് പാകുന്നതിന് പകരം തണ്ട് കുഴിച്ചിട്ടും കൃഷി ചെയ്യാവുന്നതാണ്. ദിവസവും നാലു മണിക്കൂർ നേരത്തേക്ക് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തായിരിക്കണം ഗ്രോബാഗ് വെക്കേണ്ടത്.
അയമോദകം ധാരാളമായി വളരുന്നതിന് ജൈവവളം മാത്രം ഉപയോഗിച്ചാൽ മതിയാകും. സാധാരണയായി ഫെബ്രുവരി മുതൽ മെയ് വരെ വിളവെടുപ്പ് നടത്താറുള്ള അയമോദകം ചെടി 130 മുതൽ 180 ദിവസത്തിനുള്ളിലാണ് വിളവെടുക്കാൻ പ്രായമാകുക. പൂർണ്ണവളർച്ചയെത്തുന്ന ചെടികൾ പുഷ്പിക്കുന്നത് നിൽക്കും. ബ്രൗൺ നിറത്തിൽ വിത്തുകൾ ആകുന്നത് വരെ കാത്തിരിക്കാം. വിത്തുകൾ ബ്രൗൺ നിറത്തിലായി കഴിഞ്ഞാൽ വിളവെടുപ്പ് നടത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക