കൊച്ചി: മലയാള സിനിമ മേഖലയിലെ തൊഴിലാളികൾ ഇന്ന് കൊച്ചിയിൽ ഒത്തുചേരും. ഫെഫ്കയുടെ നേതൃത്വത്തിലാണ് തൊഴിലാളി സംഗമം നടക്കുക. തൊഴിലാളി സംഗമത്തോട് അനുബന്ധിച്ച് മലയാള ചലച്ചിത്ര, സീരിയൽ, വെബ് സീരീസ് ചിത്രീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഇന്ന് സമ്പൂർണ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫെഫ്ക അംഗങ്ങൾക്കായി ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് സംഗമത്തിൽ നടക്കും. ഫെഫ്കയിലെ 21 യൂണിയനുകളിൽ നിന്നായി 5000ത്തിലേറെ സാങ്കേതിക പ്രവർത്തകരാണ് ചടങ്ങിൽ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 10 മണിക്കാണ് പരിപാടി നടക്കുക. മോഹൻലാൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ജനാർദനൻ, സിദ്ദിഖ്, ഉർവശി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യൻ സിനിമ മേഖലയിൽ ഇതാദ്യമായാണ് ചലച്ചിത്ര മേഖലയിലെ ഒരു തൊഴിലാളി സംഘടന ഇൻഷുറൻസ് കമ്പനികളെ ആശ്രയിക്കാതെ സ്വന്തമായി രൂപം കൊടുത്ത വെൽഫെയർ ഫണ്ട് ഉപയോഗിച്ച് അംഗങ്ങളുടെ ചികിത്സാ ചെലവ് വഹിക്കുന്നതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
പ്രതിവർഷം ഒരംഗത്തിന് മുന്ന് ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവാണ് വഹിക്കുക. ഇതിൽ ഭൂരിപക്ഷം അംഗങ്ങളുടെ വിഹിതം അതത് അംഗ സംഘടനയാണ് വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക