മദ്യനയ അഴിമതി കേസിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസിൽ കെജ്രിവാൾ ഇന്ന് നിർണായക വെളിപ്പെടുത്തൽ നടത്തിയേക്കും എന്നാണ് സൂചന. മദ്യനയ അഴിമതി കേസിൽ എവിടെ നിന്നാണ് പണത്തിന്റെ സ്രോതസ്സ് എന്ന കാര്യത്തിൽ അദ്ദേഹം വെളിപ്പെടുത്തൽ നടത്തും എന്ന് കെജ്രിവാളിന്റെ ഭാര്യ സുനിത പറഞ്ഞു.
ഇതുവരെ ജയിലിൽ ഇരുന്നുകൊണ്ട് രണ്ട് ഉത്തരവുകളാണ് കെജ്രിവാൾ പുറപ്പെടുവിച്ചത്. ബിജെപിയെ കുറ്റപ്പെടുത്തിയ കെജ്രിവാളിന്റെ ഭാര്യ സുനിത ഡൽഹി ജനതയെ ബിജെപി കഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നും ആരോപിച്ചു. യുഎസും ജർമ്മനിയും കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രസ്താവനകളുമായി നേരത്തെ രംഗത്ത് വന്നിരുന്നു. കേസിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യയോട് യുഎസും ജർമ്മനിയും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഡൽഹി ഹൈക്കോടതിയിൽ കെജ്രിവാൾ സമർപ്പിച്ച ഹർജി കോടതി തള്ളുകയും വിശദമായ റിപ്പോർട്ട് നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഏപ്രിൽ 2 വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക