കണികാണലും കൈനീട്ടവും സദ്യയും എല്ലാം ചേര്‍ന്ന് വിഷു ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. ഉത്സവങ്ങളും ആഘോഷങ്ങളും ഏതു തന്നെയായാലും മലയാളിക്ക് സദ്യ പ്രധാനമാണ്. പലതരം വിഭവങ്ങളും പായസവും പപ്പടവും ഒക്കെയായി വിഭവസമൃദ്ധമായ സദ്യ തന്നെയാകും വിഷുവിനും തയാറാക്കുക. എന്നാൽ കണ്ണനെ കണി കണ്ടുണരുന്ന മേടപ്പുലരിയിൽ രുചിയോടെ കഴിക്കുന്ന ഒന്നാണ് അവൽ അട. വിഷു അട ഉണ്ടാക്കാൻ എളുപ്പമാണ്. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
അവൽ – കാൽ കിലോ
തേങ്ങ – രണ്ട്, ചുരണ്ടിയത്
പഞ്ചസാര – ഒന്നരക്കപ്പ്
നെയ് – ഒരു വലിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ
അരിപ്പൊടി വറുത്തത് – അരക്കിലോ
തിളച്ച വെള്ളം – പാകത്തിന്
ഉപ്പ് – ഒരു നുള്ള്
വാഴയിലക്കഷണങ്ങൾ – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
അവൽ തേങ്ങ ചേർത്തു നന്നായി തിരുമ്മി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക. ഇതിൽ പഞ്ചസാരയും നെയ്യും ഏലയ്ക്കാപ്പൊടിയും ചേർത്തു തിരുമ്മി യോജിപ്പിക്കുക. അരിപ്പൊടി ഉപ്പും വെള്ളവും ചേർത്തു മയത്തിൽ കുഴച്ചു ചെറിയ ഉരുളകളാക്കുക. വാഴയിലക്കഷണങ്ങൾ തിളച്ച വെള്ളത്തിലിട്ടു വാട്ടി തുടച്ചുണക്കി, ഓരോ ഉരുള വച്ച് കനം കുറച്ചു പരത്തുക. ഇതിനു മുകളിൽ അവൽ മിശ്രിതം നിരത്തി ഇല മടക്കുക. മടക്കിയ ഇലയുടെ ഇരുവശവും മുകളിലെ വശവും മടക്കി അപ്പച്ചെമ്പിൽ വച്ചു പുഴുങ്ങിയെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക