തെല്ലും ആശ്വാസമില്ലാതെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ചൂട് തുടരുന്ന സാഹചര്യത്തിൽ ഏപ്രിൽ എട്ടു മുതൽ ഏപ്രിൽ 12 വരെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
താപനില ഉയർന്ന് തന്നെ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാൻ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതു കൂടാതെ കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കാസർഗോഡ്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില വർധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഈ ജില്ലകളിൽ സാധാരണ താപനിലയിൽ നിന്നും 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിക്കാൻ സാധ്യതയുള്ളതാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകൾ ഒഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക