പ്രശസ്ത നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. മലയാളത്തിലെ പല ക്ലാസിക് സിനിമകളുടെയും നിർമ്മാതാവായ ഗാന്ധിമതി ബാലൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. 65 വയസ്സായിരുന്നു.
മലയാളത്തിലെ ഒട്ടുമിക്ക ക്ലാസിക് ചിത്രങ്ങളും നിർമ്മിച്ച വ്യക്തി കൂടിയാണ് ഗാന്ധിമതി ബാലൻ. ‘ഈ തണുത്ത വെളുപ്പാൻ കാലത്ത്’ എന്ന 1990 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗാന്ധിമതി ബാലൻ നിർമ്മിച്ച അവസാന സിനിമ. ഇതുകൂടാതെ തൂവാനത്തുമ്പികൾ, മൂന്നാംപക്കം, പഞ്ചവടി പാലം, സുഖമോദേവി, നൊമ്പരത്തി പൂവ്, മാളൂട്ടി തുടങ്ങിയ ചിത്രങ്ങളും ഗാന്ധിമതി ഫിലിംസ് നിർമ്മിച്ചിട്ടുണ്ട്.
‘ഇവന്റ്സ് ഗാന്ധിമതി’ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയായ ഗാന്ധിമതി ബാലൻ ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 63ആം വയസ്സിൽ ഗാന്ധിമതി ബാലൻ ‘ആലിബൈ ഗ്ലോബൽ കമ്പനി’ എന്ന പേരിൽ ആരംഭിച്ച സൈബർ ഫോറൻസിക് സ്റ്റാർട്ടപ്പ് കമ്പനി രാജ്യത്തെ ഒട്ടുമിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനമായി മാറുകയും ചെയ്തു.
മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ഒരുകാലത്ത് ഏറ്റവും കൂടുതൽ സിനിമ നിർമ്മിച്ച നിർമ്മാതാവായ ഗാന്ധിമതി ബാലൻ നാഷണൽ ഗെയിംസിന്റെ ചീഫ് ഓർഗനൈസർ കൂടിയായിരുന്നു. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ ‘അമ്മ ഷോ’ എന്ന പേരിൽ നിരവധി താരനിശകളും സംഘടിപ്പിച്ചിട്ടുണ്ട്.
അനിത ബാലൻ ആണ് ഗാന്ധിമതി ബാലന്റെ ഭാര്യ. ആലിബൈ സൈബർ ഫോറൻസിക്സ് ഫൗണ്ടർ ഡയറക്ടർ ആയ സൗമ്യ ബാലൻ, മെഡ്റൈഡ് മാനേജിംഗ് പാർട്ണറും ലോക മെഡിസിറ്റി ഡയറക്ടറുമായ അനന്തപത്മനാഭൻ എന്നിവർ മക്കളും ആലിബൈ സൈബർ ഫോറൻസിക്സ് ഡയറക്ടറും ഗാന്ധിമതി ട്രേഡിങ് ആൻഡ് എക്സ്പോർട്സ് ഡയറക്ടർ കെ എം ശ്യാം, ഗ്രാഫിക് ഡിസൈനർ ആയ അൽക്ക നാരായൺ എന്നിവർ മരുമക്കളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക