മണത്തിനും രുചിയ്ക്കുമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന പല ചേരുവകളും ആരോഗ്യപരമായി നിരവധി ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. അതിലൊന്നാണ് കായം. ചെറിയ കയ്പു രസമുളള, എന്നാല്‍ വിഭവങ്ങള്‍ക്ക് കാര്യമായ മണവും സ്വാദും നല്കുന്ന ഈ പദാര്‍ത്ഥം പല വിഭവങ്ങളുടേയും അഭിഭാജ്യ ഘടകമാണ്. അല്പം കായം കറികളില്‍ ചേര്‍ക്കുന്നത് നമുക്ക് ഏറെ ആരോഗ്യഗുണങ്ങള്‍ നല്കുന്നുവെന്നതാണ് വസ്തുത. എന്നാല്‍ ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. കായത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
- രക്തസമ്മര്‍ദ്ദ പ്രശ്നമുള്ളവര്‍ കറികളില്‍ കായം ചേര്‍ക്കുന്നത് ഉത്തമമാണ്. കായത്തിന് രക്തം നേര്‍പ്പിക്കാനുള്ള കഴിവ് ഉണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍, രക്തസമ്മര്‍ദ്ദ പ്രശ്നമുള്ളവര്‍ കായം ചേര്‍ത്ത ഭക്ഷണം ദിവസേന കഴിക്കുന്നത് സിരകളില്‍ രക്തം കട്ടപിടിക്കുന്ന പ്രശ്നം തടയുന്നു. കൂടാതെ, രക്ത സമ്മര്‍ദം കുറയ്ക്കുന്നതിന് ഇത് സഹായകമാകുന്നു.
- ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുക, അസിഡിറ്റി എന്നിവയെ തടയാന്‍ കായത്തിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സഹായിക്കും. അതിനാല്‍ കായം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ദഹനപ്രശ്നങ്ങൾക്ക് ഒരു മികച്ച പരിഹാരമാണ്.
- രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇവ സഹായിക്കും. ഇതിനായി കായം ചേര്‍ത്ത വെള്ളം കുടിക്കാം. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയ ഇവ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
- ആര്‍ത്തവസംബന്ധമായ വേദന പരിഹരിക്കുന്നതിനും കായം സഹായകമാണ്. അടിവയറ്റിലെ പേശികളെ സുഗമമാക്കാൻ ഇവ സഹായിക്കുന്നു. ഇതിലൂടെയാണ് ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന കുറയ്ക്കുന്നത്.
- ന്യൂമോണിയ, ചുമ, ആസ്ത്മ എന്നിവയ്ക്ക പരിഹാരമായി ചൂടുവെള്ളത്തില്‍ കായം കലര്‍ത്തി ശ്വസിക്കുന്നത് ഏറെ ഗുണം ചെയ്യും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ കായം ഗുണകരമാണ്. കായത്തിന്റെ ആന്റി അലർജിക് ഗുണങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
- സാധാരണയായി തലവേദനയുടെ പ്രശ്നം തലയിലെ ധമനികളില്‍ വീക്കം മൂലമാണ് ഉണ്ടാകുന്നത്. ദിവസവും കായം കഴിക്കുന്നത് തലവേദനയുടെ പ്രശ്നത്തില്‍ നിന്ന് മുക്തി നല്‍കും. കടുത്ത തലവേദന ഉള്ള സമയത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ ദിവസത്തില്‍ രണ്ടുതവന കുടിയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക