ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത അരിനെല്ലി. പലയിടത്തും പല പേരുകളിലാണ് അരിനെല്ലി അറിയപ്പെടുന്നത്. ചിലയിടങ്ങളിൽ അരി നെല്ലി എന്ന് അറിയപ്പെടുന്ന ഇവയ്ക്ക് മറ്റ് ചിലയിടങ്ങളിൽ നക്ഷത്രനെല്ലി, പുളിനെല്ലി, നെല്ലിപ്പുളി എന്നെല്ലാം പേരുകൾ ഉണ്ട്.
നിത്യഹരിത സസ്യങ്ങളിൽ ഒന്നായ ഇവ പണ്ടുകാലങ്ങളിൽ മിക്ക വീടുകളുടെ പരിസരത്തും കാണപ്പെട്ടിരുന്ന ഒന്നാണ്. 6 അല്ലികളായി രൂപപ്പെട്ടുവന്ന കായകൾ ഉള്ളതിനാലാണ് ഇവയ്ക്ക് അരി നെല്ലി എന്ന വിളിപ്പേര് വന്നത്. സ്റ്റാർ ഗൂസ് ബെറി എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം ഫിലാത്തൻസ് അസിഡസ് എന്നാണ്.
ഇടതൂർന്ന ഇലകളോടുകൂടിയ ഇവയ്ക്ക് ഏതാണ്ട് ഒമ്പത് മീറ്റർ വരെ ഉയരം ഉണ്ടാകും. അച്ചാറിനും ചമ്മന്തിക്കും എല്ലാം ഉപയോഗിക്കാവുന്ന ചെറിയ മാർദ്ധവമുള്ള കായകളാണ് ഇവയിൽ ഉണ്ടാവുക. നിരവധി വിറ്റാമിനുകളും ധാതു ലവണങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ഏതുതരം പ്രായക്കാർക്കും ഭക്ഷ്യയോഗ്യമായ ഒന്നാണ്.
ചെറിയ പച്ച നിറത്തോടുകൂടിയ കായ്കൾ പഴുത്തു കഴിഞ്ഞാൽ ഇളം മഞ്ഞ നിറത്തിലാണ് കാണപ്പെടുക. തൈകൾ നടുമ്പോൾ 30 cm സമചതുരവും ആഴവുമുള്ള കുഴിയെടുത്തതിനുശേഷം ഉണങ്ങിയ ചാണകപ്പൊടിയും മേൽമണ്ണും നിറയ്ക്കേണ്ടതാണ്. സാധാരണയായി വിത്തു മുളപ്പിച്ചും തണ്ടുകൾ മുറിച്ചു നട്ടും പതിവെച്ചുമൊക്കെയാണ് തൈകൾ ഉത്പാദിപ്പിക്കാറുള്ളത്.
ഏപ്രിൽ, മെയ്, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വിളവെടുപ്പ് നടത്താവുന്ന ഇവ കേരളത്തിൽ വളക്കൂറുള്ള ഏത് മണ്ണിലും പെട്ടെന്ന് വളരും. വേനൽക്കാലത്ത് ആദ്യ ഏതാനും വർഷം നനച്ചാൽ പെട്ടെന്ന് കായഫലം ഉണ്ടാകുന്ന ഒന്നു കൂടിയാണ് അരിനെല്ലി. പ്രത്യേകിച്ച് വളം ഒന്നും ചെയ്യാതെ തന്നെ ഉണ്ടാകുന്ന ഇവയ്ക്ക് വർഷത്തിൽ ഒന്നോ രണ്ടോ തവണ ജൈവവളം ചേർത്ത് മണ്ണ് കൂട്ടിക്കൊടുത്താൽ മാത്രം മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക