പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. സിനിമയുമായി ബന്ധപ്പെട്ട സുപ്രധാന അപ്ഡേഷൻ നാളെ പുറത്തുവിട്ടേക്കും. പൃഥ്വിരാജും സുപ്രിയയും സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ച പോസ്റ്ററാണ് ഈ സൂചന നൽകുന്നത്.
‘ഓം ശ്രീ ഗണപതായേ നമഃ. 1999 മേടം അഞ്ച്, വ്യാഴാഴ്ച (2024 ഏപ്രിൽ 18) സന്ധ്യയ്ക്ക് 5.59 നും 6.1 നും മദ്ധ്യേ മകം നക്ഷത്രം ചിങ്ങം രാശിയിൽ മുഹൂർത്തം’ എന്ന് കുറിച്ചിരിക്കുന്ന ഒരു പോസ്റ്ററാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ഇതിനോടൊപ്പം ‘ഈ മുഹൂർത്തം മറക്കല്ലേ’ എന്നും കുറിച്ചിട്ടുണ്ട്. സ്റ്റേ ട്യൂൺഡ് എന്ന് മാത്രമാണ് ഹാഷ് ടാഗ്. ഇത്തരത്തിലൊരു പോസ്റ്ററായതിനാൽ, ’ഗുരുവായൂർ അമ്പലനടയിൽ’ എന്ന സിനിമയുമായി ബന്ധപ്പെട്ട സർപ്രൈസ് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, മുകേഷ്, യോഗി ബാബു, നിഖില വിമൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണിത്. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ദീപു പ്രദീപാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം നീരജ് രവിയാണ് നിർവഹിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക