ആഭരണ പ്രേമികൾക്ക് ആശ്വസിക്കാം. സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. 240 രൂപയുടെ കുറവാണ് സ്വർണ്ണവിലയിൽ ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച റെക്കോർഡ് വിലവർധന രേഖപ്പെടുത്തിയ ശേഷം ആദ്യമായാണ് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് ഉണ്ടാകുന്നത്.
54,120 രൂപയാണ് ഇന്നത്തെ വിപണി വില. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണത്തിലുള്ള നിക്ഷേപങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഏപ്രിൽ ഒന്നു മുതൽ 50,000 മുകളിൽ സ്വർണ്ണവില എത്തിയിരുന്നു. ഇസ്രായേൽ- ഇറാൻ യുദ്ധ ഭീഷണിയിൽ അയവുണ്ടായതോടെ സ്വർണ്ണവില കുറയുന്നതിന് ഇടയാക്കി.
ഗ്രാമിന് 30 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6,765 രൂപയിലെത്തി. സ്വർണ്ണവിലയിൽ അനുഭവപ്പെടുന്ന വിലക്കുറവ് ഉത്സവ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാകും. വിവാഹാവശ്യത്തിന് സ്വർണ്ണം വാങ്ങുന്നവർക്ക് വില കുറയുന്ന സമയത്ത് അഡ്വാൻസ് ബുക്ക് ചെയ്ത നഷ്ടം കുറയ്ക്കാം എന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
നിക്ഷേപകരെ സ്വർണ്ണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്ന ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങളാണ് സ്വർണ്ണവില വർദ്ധിക്കുന്നതിന് കാരണമാകുന്നത്. സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59,000 ഓളം രൂപ നൽകണം. 62,965 രൂപയാണ് ഒരു ഗ്രാം 22 ക്യാരറ്റ് സ്വർണ്ണത്തിന്റെ വിപണി വില.
ഒരു ഗ്രാം 18 ക്യാരറ്റ് സ്വർണ്ണത്തിന് 5,670 രൂപയാണ് നൽകേണ്ടത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക