കേന്ദ്ര ഗവണ്മെന്റ് സര്‍വീസിലെ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി). വിവിധ തസ്തികകളിലായി ആകെ 827 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എംബിബിഎസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (സെൻട്രൽ ഹെൽത്ത് സർവീസ്)-163, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ)-14, അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ (റെയിൽവേ)-450, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ)-200 എന്നിങ്ങനെയാണ് ഒഴിവ്. ഫൈനൽ എഴുത്ത്, പ്രാക്ടിക്കൽ പരീക്ഷകൾ വിജയിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസ്) തസ്തികയില്‍ 35 വയസ്സും മറ്റ് തസ്തികകളില്‍ 32 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. (സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുണ്ട്). 2024 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. വനിതകള്‍ക്കും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗക്കാര്‍ക്കും ഫീസില്ല. മറ്റുള്ളവര്‍ 200 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
upsconline.nic.in എന്ന വെബ്സൈറ്റ് വഴി വൺടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം അപേക്ഷിക്കാം. ഏപ്രിൽ 30-ാണ് അവസാന തീയതി. ജൂലൈ 14-നാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക