കഴിഞ്ഞ വര്‍ഷമാണ് അവരുടെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ റേഞ്ച് റോവറിന്റെ ഇലക്ട്രിക് പതിപ്പ് എത്തിക്കുമെന്ന് ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെ.എല്‍.ആര്) അറിയിച്ചത്. നിര്‍മാതാക്കള്‍ അറിയിച്ചത് ഈ വര്‍ഷം തന്നെ ഈ വാഹനം പുറത്തിറക്കാന്‍ കഴിയുമെന്നുമാണ്. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇ.വി. നിര്‍മിക്കുന്നുവെന്നത് കേവലം ഒരുപാഴ്വാക്കല്ലെന്ന് തെളിയിച്ച് ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.
ലാന്‍ഡ് റോവര്‍ പുറത്തുവിട്ടിരിക്കുന്നത് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി നടത്തുന്ന ക്ലൈമറ്റ് കണ്ടീഷന്‍ പരീക്ഷണയോട്ടങ്ങളുടെ ചിത്രമാണ്. ചിത്രത്തിലുള്ളത് വിന്റര്‍ ടെസ്റ്റിന്റെ ഭാഗമായി മഞ്ഞിന് മുകളിലൂടെ വാഹനം ഓടുന്നതാണ്.ഈ വാഹനം ഇറങ്ങിയിരിക്കുന്നത് സാധാരണ പരീക്ഷണയോട്ടങ്ങളിലേത് പോലെ മൂടിക്കെട്ടലുകളൊന്നുമില്ലാതെയാണ്. ഇലക്ട്രിക് പതിപ്പും റേഞ്ച് റോവര്‍ ഭാവങ്ങളോടെ തന്നെയാണ്എത്തുന്നതെന്ന് തെളിക്കുന്നതിനാണിതെന്നാണ് വിശദീകരണം.
ഈ വാഹനം ആര്‍ട്ടിക് മേഖലയില്‍ മൈനസ് 40 ഡിഗ്രി സെല്‍ഷ്യസിലും മിഡില്‍ ഈസ്റ്റിലെ മരുഭൂമി പ്രദേശങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലും പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയതായാണ് വിവരം.റേഞ്ച് റോവര്‍ ഇലക്ട്രിക് ആദ്യമായി പരീക്ഷണത്തിനിറക്കിയത് സ്വീഡനിലായിരുന്നു.ഈ പരീക്ഷണയോട്ടം ഏറ്റവും കുറഞ്ഞ താപനിലയിലും ബാറ്ററി, ട്രാന്സ്മിഷന്, ഇലക്ട്രിക് മോട്ടോര്‍ എന്നിവയുടെ പ്രകടനം വിലയിരുത്തുന്നതിനായിരുന്നു.ഇവ വികസിപ്പിച്ചിരിക്കുന്നത് ജെ.എല്‍.ആര്. തന്നെയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക