ഒരുസമയത്ത് ബോളിവുഡിനും തമിഴും തെലുങ്കിനും കന്നഡയ്ക്കും ഒക്കെ മാത്രം അവകാശപ്പെട്ടിരുന്ന കോടി ക്ലബ്ബുകൾ ഇന്ന് മോളിവുഡ് കൈക്കുള്ളിൽ ആക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് 2024 ആരംഭിച്ച് നാലാം മാസം പൂർത്തിയാക്കുന്നതിന് മുൻപ് വമ്പൻ മുന്നേറ്റം ആണ് മലയാള സിനിമ നടത്തിയത്. റിലീസ് ചെയ്ത ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ, മെഗാ ഹിറ്റിലേക്ക് എത്തി. മലയാള ചലച്ചിത്ര മേഖലയുടെ സുവർണ കാലഘട്ടം ആണിതെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇപ്പോഴിതാ കോടി ക്ലബ്ബിലേക്ക് പുതിയൊരു എൻട്രി കൂടി നടത്തിയിരിക്കുകയാണ്. ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം ആണ് ആ ഹിറ്റ് ചിത്രം.
രോമാഞ്ചം എന്ന വമ്പൻ ഹിറ്റായ ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമയാണ് ആവേശം. ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ രംഗൻ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ തകർത്തപ്പോൾ, പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു മലയാളത്തിന്റെ അടുത്ത സൂപ്പർ ഹിറ്റ് എന്ന്. ഒടുവിൽ അത് അന്വർത്ഥം ആകുകയാണ് ഇപ്പോൾ. റിലീസ് ദിനത്തിലെ ആദ്യ ഷോ മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി കിട്ടിയ ചിത്രം ബോക്സ് ഓഫീസിൽ വൻ തേരോട്ടം ആണ് നടത്തുന്നത്. ഇപ്പോൾ 100 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരിക്കുകയാണ്.
റിലീസായി പതിമൂന്ന് ദിവസത്തിലാണ് ആവേശം 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ടുകൾ അനുസരിച്ച് മോളിവുഡിലെ ഏഴാമത്തെ നൂറ് കോടി ക്ലബ്ബ് ചിത്രമാണ് ആവേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക