കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവ് തെറ്റിക്കാതെ വോട്ട് രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു. . എറണാകുളം, വൈറ്റില പൊന്നുരുന്നി യു പി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്താനെത്തിയത്. പ്രവർത്തകാരും താരത്തോടൊപ്പമുണ്ടായിരുന്നു.
ടര്‍ബോ ലുക്കില്‍ സണ്‍ഗ്ലാസ് വെച്ച് മാസ് ലുക്കിലാണ് താരം എത്തിയത്. താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന് പോളിങ് ബൂത്തിലേക്ക് കയറിയതും തിരിച്ചിറങ്ങിയതും.ഏത് തെരഞ്ഞെടുപ്പിലും മുടങ്ങാതെ സമ്മതിദാന അവകാശം വിനിയോഗിക്കുന്ന സെലിബ്രിറ്റിയാണ് മമ്മൂട്ടി. ദുൽഖർ സൽമാന് പനംമ്പള്ളിയിലാണ് വോട്ട്.
മലയാള സിനിമ മേഖലയില്‍ നിന്ന് ഒട്ടുമിക്ക താരങ്ങളും ഉച്ചയ്ക്ക് മുന്‍പ് തന്നെ അവരവരുടെ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360 എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തില്ല എന്നാണ് ലഭിക്കുന്ന വിവരം.
നിരവധി സിനിമാ താരങ്ങൾ വിവിധ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴയിൽ ഫഹദ് ഫാസിലും ആസിഫ് അലിയും വോട്ട് ചെയ്യാനെത്തി. ലാൽ ജോസ്, ടൊവിനോ തോമസ്, ഇന്ദ്രൻസ്, ശ്രീനിവാസൻ, ഫാസിൽ, അന്നാ രാജൻ, അഹാന കൃഷ്ണ, ആശാ ശരത് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക