തിരുവനന്തപുരം: പാലക്കാട് റെക്കോര്‍ഡ് ചൂട് അനുഭവപ്പെടുന്നു. ഔദ്യോഗികമായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ചൂട് ഇന്ന് പാലക്കാട് ജില്ലയിൽ രേഖപെടുത്തി. ഇന്ന് 41.8°c ചൂട് ആണ് പാലക്കാട് അനുഭവപ്പെട്ടത്. സാധാരണയെക്കാള്‍ 5.5°c വർധനവാണ് ഉണ്ടായത്. 1987 ലും 41.8°c രേഖപെടുത്തിയിരുന്നു.
2024 ഏപ്രിൽ 27, 28 തീയതികളിൽ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നില നിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതു ജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക