ആപ്പിള്‍ ഐഫോണ്‍ 16 സീരിസിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ ഇപ്പോള്‍ പുറത്തുവരുന്നത് ഫോണിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ്. വിപണിയിൽ മാസങ്ങള്‍ക്കകം ഫോണ്‍ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫോണിന്റെ ഫീച്ചറുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോ പറയുന്നത് ഐഫോണ്‍ 16 സീരിസ് പുതിയ രണ്ട് നിറങ്ങളില്‍ കൂടി ലഭ്യമാകുമെന്നാണ്. കറുപ്പ്, വെള്ള അല്ലെങ്കില്‍ സില്‍വര്‍ നിറം, ഗ്രേ, റോസ് എന്നീ നിറങ്ങളിലായിരിക്കും 16 പ്രോ, 16 പ്രോ മാക്സ് സീരീസ് എത്തുകയെന്നാണ് കുവോ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. കൂടാതെ കറുപ്പ്, പച്ച, പിങ്ക്, നീല, വെള്ള എന്നി നിറങ്ങളിലായിരിക്കും ഐഫോണ്‍ 16, 16 പ്ലസ് എന്നിവ വിപണിയിലെത്തുന്നതെന്നും കുവോ പോസ്റ്റില്‍ പറയുന്നു.
പുതിയ പേരുകളില്‍ ഐഫോണില്‍ ലഭ്യമായിട്ടുള്ള നിറങ്ങള്‍ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്റ്റാര്‍ലൈറ്റ് എന്ന പേരിലാകും ഇപ്പോഴുള്ള വെള്ള ഇനി മുതല്‍ അറിയപ്പെടുകയെന്നും കുവോ പോസ്റ്റില്‍ പറയുന്നു. പുതിയ ബാറ്ററിയായിരിക്കും ഐഫോണ്‍ 16 പ്രോ മാക്സില്‍ ആപ്പിള്‍ ഉപയോഗിക്കുക. ഇത് കുവോ തന്നെയാണ് നേരത്തെ പുറത്തുവിട്ടത്.
ഐഫോണിന് ബാറ്ററി ലൈഫ് കുറവാണെന്ന വിമര്‍ശനങ്ങള്‍ക്ക് പുതിയ സീരിസ് വരുന്നതോടെ അവസാനമാകുമെന്ന പ്രതീക്ഷയും കമ്പനിക്കുണ്ട്. അലുമിനിയം കേസിങ്ങാണ് നിലവില്‍ ഐഫോണിലെ ബാറ്ററിക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ഇത് സ്റ്റെയിന്‍ലെസ് സ്റ്റീലായിരിക്കുമെന്നും കുവോ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക