ഒലിവ് ഓയിലും ഡിമെൻഷ്യ സാധ്യതയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പഠനം നടത്തി ഹാവാർഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ. ദിവസവും ഏഴ് ഗ്രാം വരെ ഒലീവ് ഓയിൽ കഴിക്കുന്നത് മറവിരോഗവുമായി ബന്ധപ്പെട്ട മരണങ്ങൾ 28 ശതമാനം കുറയ്ക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു.
ജാമാ നെറ്റ് വർക്ക് ഓപ്പണിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാർവാഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് 1990 മുതൽ 2018 വരെയുളള നീണ്ടകാലഘട്ടത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 92,383 പേരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇതിൽ 65.5 ശതമാനം ആളുകളും സ്ത്രീകളായിരുന്നു.
പ്രായമായവരിൽ മൂന്നിലൊരാൾ അൽഷിമേഴ്സോ മറ്റേതെങ്കിലും ഡിമെൻഷ്യ രോഗങ്ങളോ ബാധിക്കുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു. പഠനത്തിന്റെ തുടക്കത്തിൽ ഗവേഷണത്തിന്റെ ഭാഗമായവരുടെ ഏകദേശപ്രായം 56 ആയിരുന്നു. ഇവരുടെ ഭക്ഷണരീതിയും ലഭിക്കുന്ന പോഷകത്തിന്റെ അളവുമൊക്കെ പഠനത്തിന്റെ ഭാഗമാക്കി.
ഒലിവ് ഓയിൽ പോലുള്ള വെജിറ്റബിൾ ഓയിലുകൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണെന്നും ഇവ ഹൃദയാരോഗ്യത്തെ മാത്രമല്ല മസ്തിഷ്കത്തിന്റെ ആരോഗ്യത്തേയും മെച്ചപ്പെടുത്തുന്നുണ്ടെന്നും പഠനത്തിൽ പങ്കാളിയായ ഹാർവാർഡ് സർവകലാശാലയിലെ റിസർച്ചോ അസോസിയേറ്റ് ആയ ആൻ ജൂലി ടെസിയർ പറഞ്ഞു.
കൊഴുപ്പടങ്ങിയ ആഹാരശീലങ്ങൾ ഒഴിവാക്കുകയും പ്രകൃതിദത്തമായ ഒലിവ് ഓയിൽ പോലുള്ളവ ഉൾപ്പെടുത്തുകയും ചെയ്യുന്നത് സുരക്ഷിതവും ഡിമെൻഷ്യ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷകർ കണ്ടെത്തി. പഠനത്തിൽ പങ്കാളികളായ ഒലിവ് ഉപയോഗിച്ചവരിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ ഡിമെൻഷ്യയുമായി ബന്ധപ്പെട്ട മരണങ്ങൾ കുറവായിരുന്നെന്ന് പഠനത്തിൽ കണ്ടെത്തി.
ഒലിവ് ഓയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഘടകങ്ങളാകാം മസ്തിഷ്കത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതെന്നാണ് കരുതുന്നത്. ഡിമെൻഷ്യ രോഗത്തിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. ഒലിവ് ഓയിൽ ഹൃദയാരോഗ്യത്തേയും മെച്ചപ്പെടുത്തുന്നത് ഡിമെൻഷ്യ സാധ്യത ഇല്ലാതാക്കാമെന്ന് ഗവേഷകർ പറയുന്നു.
ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന മറവിരോഗമാണ് അള്‍സ്ഹൈമേഴ്സ്. മുതിര്‍ന്ന പൗരന്മാരില് മൂന്നിലൊന്നും അള്‍സ്ഹൈമേഴ്സോ മറ്റ് മറവിരോഗങ്ങളോ മൂലമാണ് മരണപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. തലച്ചോറുമായി ബന്ധപ്പെട്ട പലതരം തകരാറുകളെയാണ് പൊതുവേ ഡിമന്‍ഷ്യ അധവാ മറവിരോഗം എന്നു വിളിക്കുന്നത്. ഓര്‍മ്മ, തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ എല്ലാം മറവിരോഗം ബാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക