മലയാളത്തിന്റെ സ്വന്തം മസിൽ അളിയനായ ഉണ്ണി മുകുന്ദൻ പെൺ വേഷത്തിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ് ചാണക്യതന്ത്രം എന്ന ചിത്രത്തിലൂടെ. മലയാള സിനിമയിലെ യുവ പൗരുഷത്തിന്റെ ബ്രാൻഡ് അംബാസ്സഡർമാരിൽ ഒരാളായ ഉണ്ണി മുകുന്ദൻ പെണ്ണായി വന്നാൽ എങ്ങനെയിരിക്കും എന്നുള്ള കാഴ്ച , ചാണക്യ തന്ത്രത്തിന്റെ ഫസ്റ്റ് ടീസറിലൂടെ ആയിരിക്കും പുറത്തു വിടുന്നത് എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. തിങ്കൾ മുതൽ വെള്ളിവരെ, ആട് പുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന ഈ ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ മാസ്സ് ഗെറ്റപ്പ് നമ്മൾ കണ്ടു കഴിഞ്ഞു. ഇപ്പോൾ ഉണ്ണി മുകുന്ദൻ പെൺ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്.
മിറാക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദിനേശ് പള്ളത്തു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ഉള്ളാട്ടിൽ വിഷ്വൽ മീഡിയ ആണ് പ്രദർശനത്തിന് എത്തിക്കുക. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാൻ ആണ്. ആക്ഷനും സസ്പെൻസും മിസ്റ്ററിയും നിറഞ്ഞ ഒരു ത്രില്ലർ ആയാണ് ഈ ചിത്രം വരുന്നതെന്നാണ് സൂചനകൾ ലഭിക്കുന്നത്. അനൂപ് മേനോനും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ശിവദയും ശ്രുതി രാമചന്ദ്രനുമാണ് നായികാ വേഷത്തിൽ എത്തുന്നത്.
ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടും എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. മാർച്ചിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക