നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിരവധി പേർ മരിച്ചതോടെ ഉയരുന്ന ആശങ്കകള്‍ക്ക് മറുപടിയുമായി ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്ക് ലേഖനം. ഈ അപൂര്‍വ വൈറസിനെക്കുറിച്ച് ലഭ്യമായ ശാസത്രീയ വിവരങ്ങള്‍ പങ്കുവക്കുന്നതാണ് ലേഖനം. വൈറസ് ബാധ ഒഴിവാക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളും നിപ്പാ വൈറസ് ബാധയുടെ ലക്ഷണങ്ങളും ലേഖനത്തില്‍ വിവരിക്കുന്നു. ഡോ. അരുണ്‍ മംഗലത്ത്, ഡോ. അഞ്ജിത് ഉണ്ണി, ഡോ. മുഹമ്മദ് അബ്ദുല്‍ ലത്തീഫ് ടി കെ, ഡോ. ജിനേഷ് പി എസ് എന്നിവര്‍ ചേര്‍ന്നാണ് ലേഖനം എഴുതിയിരിക്കുന്നത്.
ബോധവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായി ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ ഇന്‍ഫോ ക്ലിനിക് ഈ വിഷയത്തില്‍ തയ്യാറാക്കിയ ലേഖനം വായിക്കാം.
1997 ന്റെ തുടക്കം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ എല്‍നിനോ മലേഷ്യന്‍ കാടുകളെ വരള്‍ച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്ക് തിരിച്ചു. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യന്‍ നരിച്ചീറുകള്‍ ആകട്ടെ കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങി. ചെറിയ കാര്‍ഷിക നഷ്ടത്തിന് കാരണമായി എങ്കിലും ആരും ഇത് അത്ര കാര്യമാക്കിയില്ല.
എന്നാല്‍ അധികം വൈകാതെ മലേഷ്യയിലെ വന്‍ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികള്‍ കൂട്ടമായി മരണത്തിന് കീഴടങ്ങി.
എന്നാല്‍ സത്യത്തില്‍ ഈ അവസ്ഥ ഏറെ ഭീഷണമായത് സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോളാണ്. ഇരുന്നൂറില്‍ പരം പേരെയാണ് രോഗം ബാധിച്ചത്. ഇതില്‍ നൂറിലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തു. ഇതൊരു പുതിയ രോഗമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക വര്‍ധിച്ചു.
പ്രാരംഭഘട്ടത്തില്‍ ജപ്പാന്‍ജ്വരം ആണെന്ന തെറ്റായ നിഗമനം മൂലം പ്രതിരോധനടപടികള്‍ ശരിയായ രീതിയില്‍ സ്വീകരിക്കാന്‍ മലേഷ്യക്കായില്ല. ജപ്പാന് ജ്വരത്തിന് കാരണമായ ക്യൂലക്സ് കൊതുകുകളെ ദേശവ്യാപകമായി ഇല്ലാതാക്കാനുള്ള പ്രതിരോധനടപടികള്‍ ആയിരുന്നു ആദ്യം കൈക്കൊണ്ടത്.
ഈ സമയം കൊണ്ട് തന്നെ കൊടുങ്കാറ്റുപോല നിപ്പാ വൈറസ് ബാധ പടര്‍ന്നു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചതോടെയാണ് അസുഖ കാരിയായ വൈറസിന്റെ സാന്നിധ്യം ലോകം തിരിച്ചറിഞ്ഞത്.
ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഇത്. മലേഷ്യയിലെ Kampung Baru Sungai Nipah എന്ന സ്ഥലത്ത് നിന്ന് ആദ്യം വേര്‍തിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ് വൈറസിന് ഇട്ടത്; നിപ്പാ വൈറസ്. പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമാണ് ഇവന്. ആര്‍എന്‍എ വൈറസ് ആണ്.
ഈ വൈറസിനെതിരെ പ്രയോഗിക്കാന്‍ ഫലപ്രദമായ മരുന്നുകളൊന്നും മലേഷ്യന്‍ ആരോഗ്യ വിഭാഗത്തിന്റെ കയ്യിലോ ലോകാരോഗ്യസംഘടനയുടെ തന്നെ കയ്യിലോ ഉണ്ടായിരുന്നില്ല. രോഗത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ച പന്നികളെ കൊന്നൊടുക്കുകയായിരുന്നു വ്യാപനം പ്രതിരോധിക്കാനായി കണ്ടെത്തിയ ഏക മാര്‍ഗം. നന്ദി മലേഷ്യയിലെ 6000 കോടി രൂപയുടെ പന്നി വ്യാപാരത്തിന്റെ ഏതാണ്ട് പൂര്‍ണ്ണമായ തകര്‍ച്ചയ്ക്കാണ് ഇതു വഴിവച്ചത്. പന്നികള്‍ക്ക് മലേഷ്യന്‍ നരിച്ചീറുകളില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്ന് കണ്ടെത്തിയതോടെ മലേഷ്യന്‍ നരിച്ചീറുകളില്‍ ഈ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.
ലോകത്തിന്റെ മറ്റുഭാഗങ്ങളിലും നിപ്പാ വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വൈറസ് ബാധ ഉണ്ടായിരിക്കുന്നത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിന്റെ സമീപപ്രദേശങ്ങളിലും പലതവണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബംഗ്ലാദേശിലും സമീപപ്രദേശങ്ങളിലുമായി ഇതുവരെ 150ഓളം മരണങ്ങള്. 2001 മുതലുള്ള കണക്കാണിത്. പലപ്പോഴും മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 50 ശതമാനത്തിനു മുകളില്‍ പോയിട്ടുണ്ട്.
മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.
അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല് കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.
അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍നിന്നും റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന് ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും.
മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്ബിളുകളില്‍ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാന്‍ സാധിക്കും.
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം
Also Read: പനി ബാധിച്ച് മരിച്ചവരെ പരിചരിച്ചിരുന്ന നഴ്സും നിപ്പ വൈറസ് ബാധയേറ്റ് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക