Home LATEST NEWS ഇത് താരയുടെയും ജയ്‍യുടെയും സ്റ്റോറി; മൈ സ്റ്റോറി റിവ്യൂ വായിക്കാം

ഇത് താരയുടെയും ജയ്‍യുടെയും സ്റ്റോറി; മൈ സ്റ്റോറി റിവ്യൂ വായിക്കാം

എന്ന് നിന്റെ മൊയ്‌തീൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് പാർവതി എന്നിവർ ഒരുമിക്കുന്ന ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് റോഷ്നി ദിനകറിന്റെ മൈ സ്റ്റോറി. തുടക്കത്തിൽ മൊയ്തീന്റെയും കാഞ്ചനയുടെയും വേഷപ്പകർച്ച കാണാനാണ് പ്രേക്ഷകർ കാത്തിരുന്നതെങ്കിലും ചിത്രീകരണത്തിനിടയിലുണ്ടായ പാർവതിയുടെ ചില വിവാദ പരാമർശങ്ങൾ സിനിമയെ വളെരയധികം ബാധിച്ചിരുന്നു. ചിത്രത്തിന്റേതായി പുറത്ത് വന്ന ആദ്യ ഗാനത്തിന് റെക്കോർഡ് ഡിസ്‌ലൈക്കുകളാണ് യൂട്യൂബിൽ കിട്ടിയത്. പൃഥ്വിരാജിനോട് മാപ്പു പറഞ്ഞു കൊണ്ട് പാർവതിക്ക് നേരെയുള്ള അസഭ്യം പറച്ചിലായിരുന്നു ഗാനത്തിന് താഴെ വന്ന കമ്മന്റുകളത്രയും. ഇത്തരത്തിൽ നിരവധി പ്രതീക്ഷകളും തുടർന്നുണ്ടായ കോലാഹലങ്ങൾക്കുമിടയിൽ മൈ സ്റ്റോറി ഇന്ന് പ്രദർശനത്തിനെത്തി.

സിനിമാസ്വപ്നം കണ്ടു നടക്കുന്ന ജയകൃഷ്ണൻ എന്ന ജയ്‍യുടെയും സിനിമയിലെ മിന്നും താരമായ താരയുടെയും കഥയാണ് മൈ സ്റ്റോറി. താരയുടെ വിവാഹം ഒരു കോടീശ്വരനുമായി നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണ്. എന്നാൽ താര ആഗ്രഹിക്കുന്ന ഒരു ജീവിതമല്ല അവൾ ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നതും ഇനി ജീവിക്കാൻ ,പോകുന്നതും. എന്നാൽ ജയകൃഷ്‌ണൻ അവളിൽ ജീവിതത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ച് പോയിട്ടില്ല എന്ന ആശ്വാസമുണ്ടാക്കുന്നു. തുടർന്നങ്ങോട്ടുള്ള ജയകൃഷ്‌ണന്റെയും താരയുടെയും പ്രണയവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. കഥാപാത്രങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താൽ ജയകൃഷ്‌ണനെക്കാൾ ഒരുപടി മുകളിലാണ് താര. പതിവുപോലെ താര എന്ന കഥാപാത്രം പാർവതിയുടെ കൈയിൽ ഭദ്രമായിരുന്നു. പൃഥ്വിരാജ് ജയകൃഷ്‌ണനെ ഗംഭീരമാക്കിയെങ്കിലും ഇടയ്ക്കെവിടെയെക്കെയോ കുറച്ചധികം ഡ്രമാറ്റിക്കയോ എന്ന് തോന്നിപ്പോകുന്നുണ്ട്.

കഴിഞ്ഞ 15 വർഷക്കാലമായി സിനിമ രംഗത്ത് സജീവയായിരുന്ന റോഷ്‌നി ദിനകറിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് മൈ സ്റ്റോറി. കുടകിൽ ജനിച്ച് വളർന്ന രോഷ്‌നിക്ക് മലയാള സിനിമകളേക്കാൾ കൂടുതൽ പരിചയം അന്യഭാഷാചിത്രങ്ങളാണ്. ഇത് മൈ സ്റ്റോറിയുടെ ഓരോ ഫ്രെയിമുകളിലും തെളിഞ്ഞ് കാണുന്നുമുണ്ട്.

ഉറുമി എന്ന പൃഥ്വിരാജ് ചിത്രത്തിന് തിരക്കഥയെഴുതിയ ശങ്കർ രാമകൃഷ്‌ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണങ്ങളുടെ മനോഹാരിത എടുത്തു പറയേണ്ടതാണ്. അപ്രതീക്ഷിതമായ പല ട്വിസ്റ്റുകളും തിരക്കഥയ്ക്കിടയിൽ ശങ്കർ പ്രേക്ഷകർക്കായി ഒരുക്കി വച്ചിട്ടുണ്ട്.

ഷാൻ റഹ്‌മാന്റെ സംഗീതമാണ് സിനിമയുടെ മറ്റൊരു പ്ലസ് പോയിന്റ്. രാജനാരായൺ ദേബ് ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിൽക്കുന്നു.

നിനച്ചിരിക്കുമ്പോളും അല്ലാത്തപ്പോഴും ജീവിതത്തിലേക്ക് കടന്നു വന്ന് മാറ്റങ്ങളുണ്ടാക്കിയയും ഇല്ലാതെയും കടന്നുപോകുന്ന മനുഷ്യരുടെ കഥ പറയുന്ന ഈ ചിത്രത്തിന് മൈ സ്റ്റോറി എന്ന പേര് എന്ത് കൊണ്ടും അർത്ഥവത്താണ്.

ഒടിയൻ ടീസർ കാണാം

 

Also Read :   ഒമൈക്രോൺ ഭീഷണി; 16-ഉം 17-ഉം വയസ്സുള്ളവർക്കുള്ള കോവിഡ് വാക്‌സിൻ ബൂസ്റ്ററുകൾ ഓസ്‌ട്രേലിയ അംഗീകരിച്ചു