കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ മലയാളികൾ ഒരു പതിറ്റാണ്ടോളം കാത്തിരുന്ന ഒരേ ഒരു നടിയേ മലയാളത്തിനുള്ളൂ. സൂപ്പർസ്റ്റാറുകൾ കൊടികുത്തി വാണ മലയാള സിനിമാരംഗത്ത് ഒരു നായികയ്ക്കായി തിരക്കഥകൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഈ നടിക്ക് വേണ്ടിയാണ്. മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാളാണ്.
1995 ൽ ലോഹിതദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മലയാള സിനിമയിൽ നായികാപദവിയിലേക്ക് ഉയരുന്നത്. അവിടന്നങ്ങോട്ട് 18 ചിത്രങ്ങൾ. നായകന്റെ പ്രണയഭാജനം മാത്രമാകാൻ ഇടയ്ക്കിടെ വന്നു ആടിപ്പാടി പോകുന്ന മലയാളിയുടെ നായികാ സങ്കൽപ്പത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു മഞ്ജു അവതരിപ്പിച്ച കഥാപാത്രങ്ങൾ. അവയോരോന്നും മലയാളികളുടെ മനസ്സിൽ മങ്ങലേൽക്കാതെ നിലനിൽക്കുന്നു എന്നതാണ് മഞ്ജു വാര്യർ എന്ന നടിയുടെ വിജയം.
ഒടുവിൽ തന്റെ ആദ്യ സിനിമയിലെ നായകനെ തന്നെ ജീവിതത്തിലെയും നായകനാക്കി മഞ്ജു സിനിമയോട് വിട പറഞ്ഞിട്ടും വീണ്ടും പ്രേക്ഷകർ ആ മുഖം വെള്ളിത്തിരയിൽ കാണാൻ കാത്തിരുന്നത് 15 വർഷങ്ങൾ.
15 വർഷങ്ങൾക്ക് ശേഷം 2014 ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളി പ്രേക്ഷകർക്ക് മുൻപിലെത്തി. രണ്ടാം വരവും മോശമായില്ല. ആ വർഷത്തെ ഒട്ടുമിക്ക സംഘടനകളുടെയും മികച്ച നടിക്കുള്ള അവാർഡ് നിരുപമ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി കൊണ്ട് മഞ്ജു നേടിയെടുത്തു.
അഭിനയത്തിന് പുറമെ വ്യക്തിപരമായും അല്ലാതെയും പല സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെയും ഭാഗമായി മഞ്ജു. ഇതെല്ലം ജനങ്ങളുടെ മനസിലേക്ക് മഞ്ജു വാര്യർ എന്ന പേര് കൂടുതൽ കൂടുതൽ ആഴത്തിൽ പതിപ്പിക്കുകയായിരുന്നു. ഒടുവിൽ അത്ര പെട്ടെന്നൊന്നും ആർക്കും ചാർത്തിക്കൊടുക്കാത്ത പേരും മലയാള സിനിമാ പ്രേക്ഷകലോകം ചാർത്തിക്കൊടുത്തു. “ലേഡി സൂപ്പർ സ്റ്റാർ”
മലയാളത്തിൽ ഇനി പുറത്തിറങ്ങാൻ പോകുന്ന പല വമ്പൻ ചിത്രങ്ങളുടെയും നായികാസ്ഥാനം അലങ്കരിക്കുന്നതും മഞ്ജു തന്നെ. 39 ആം പിറന്നാൾ ആഘോഷിക്കുന്ന വാര്യർക്ക് റിയൽ ന്യൂസ് കേരളയുടെ ജന്മദിനാശംസകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക