വിജയ് സേതുപതി, തൃഷ എന്നിവർ ആദ്യമായി ഒന്നിച്ച തമിഴ് ചലച്ചിത്രം 96 പ്രേക്ഷകഹൃദയം കവർന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 1996 കാലഘട്ടത്തിൽ തഞ്ചാവൂരിലെ ആൾസെയിന്റ്സ് മെട്രിക്കുലേഷൻ സ്കൂളിൽ പത്താം ക്ലാസ് പഠിച്ച് പിരിഞ്ഞു പോയ ഒരു കെ. രാമചന്ദ്രന്റെയും ജാനകി ദേവിയുടെയും പറയപ്പെടാതെ പോയ പ്രണയകഥയാണ് സിനിമയുടെ പ്രമേയം. നവാഗതനായ പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.
ട്രാവൽ ഫോട്ടോഗ്രാഫറായ റാമിന്റെ ജീവിതം പകർത്തിവയ്ക്കുന്ന ഒരു ഗാനത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. യാത്രയ്ക്കിടയിൽ റാം താൻ പഠിച്ച തഞ്ചാവൂർ മെട്രിക്കുലേഷൻ സ്കൂളിൽ എത്തുന്നതോടെയാണ് സിനിമയിലെ പ്രണയകഥ ആരംഭിക്കുന്നത്. സ്കൂൾ ഓർമ്മകളിലൂടെ സഞ്ചരിക്കുന്ന റാം തന്റെ സുഹൃത്ത് മുരളിയെ കണ്ടെത്തുന്നതും തുടർന്ന് സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജാനകിയുടെയും ബാല്യകാല പ്രണയത്തിലേക്ക് സംവിധായകൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നു.
മുൻപിറങ്ങിയ പല പടങ്ങളുടെയും പ്രമേയവുമായി ചേർത്തുവച്ച് വായിക്കാവുന്ന 96നെ ട്വിസ്റ്റുകളൊന്നുമില്ലാത്ത റിയലിസ്റ്റിക്കായ ഒരു ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാം. റാമിനെയും ജാനകിയേയും അവതരിപ്പിച്ച വിജയ് സേതുപതിയും തൃഷയും അവരുടെ ഭാഗങ്ങൾ ഗംഭീരമാക്കിയിരിക്കുന്നു. വിജയ് സേതുപതിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ് റാം. തൃഷയുടെ ജാനകിയെ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലെ ജസ്നയുമായി പ്രേക്ഷകർക്ക് താരതമ്യം ചെയ്യാൻ തോന്നും. റാമിനയെയും ജാനിയുടെയും ബാല്യകാലം അവതരിപ്പിച്ച ആദിത്യ ഭാസ്കറും ഗൗരി ജി. കൃഷ്ണനും ആണ് പടത്തിന്റെ യഥാർഥശക്തി. ഗോവിന്ദ മേനോന്റെ സംഗീതവും മികച്ചു നിൽക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക