Home LATEST NEWS പ്രേക്ഷക ഹൃദയം കവർന്ന് കൊച്ചുണ്ണിയും പക്കിയും; കായംകുളം കൊച്ചുണ്ണി റിവ്യൂ വായിക്കാം

പ്രേക്ഷക ഹൃദയം കവർന്ന് കൊച്ചുണ്ണിയും പക്കിയും; കായംകുളം കൊച്ചുണ്ണി റിവ്യൂ വായിക്കാം

പ്രഖ്യാപിച്ച അന്നുമുതൽ വാർത്തകളിൽ ഇടം നേടിയ ചലച്ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് കായംകുളം കൊച്ചുണ്ണിയെ അഭ്രപാളിയിൽ എത്തിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ ചിലർക്കെങ്കിലും കായംകുളം കൊച്ചുണ്ണിയെന്ന ചരിത്രപുരുഷനെ പകർണ്ണാടൻ നിവിനെ കൊണ്ട് സാധിക്കുമോ എന്ന് സംശയിച്ചിരുന്നു. ആ സംശയത്തിൽ ഇരിക്കുന്നതിനിടെ റോഷൻ ആൻഡ്രൂസ് അടുത്ത ബോംബ് പൊട്ടിച്ചു. നല്ലവരിൽ നല്ലവനായ കള്ളനായ കായംകുളം കൊച്ചുണ്ണിയുടെ ഉറ്റചങ്ങാതി ഇത്തിക്കര പക്കിയായി സിനിമയിലെത്തുന്നത് നടനവിസ്മയം മോഹൻലാൽ ആണെന്നതായിരുന്നു ആ വാർത്ത. അതോടു കൂടി ചിത്രത്തിന്റെ ലെവൽ തന്നെ മാറി. കൊച്ചുണ്ണിയെ കടത്തി വെട്ടുന്ന വേഷപ്പകർച്ചയോടെ പക്കിയുടെ പോസ്റ്റർ പുറത്തിറങ്ങിയതോടെ ഒടിയനെ കാത്തിരിക്കുന്ന ആകാംഷയോടെ പ്രേക്ഷകർ പക്കിയെയും കാത്തിരിക്കാൻ തുടങ്ങി. നിവിൻ പോളി ചിത്രം എന്ന നിലയിൽ നിന്നും മോഹൻലാൽ ചിത്രം എന്ന നിലയിലേക്ക് ചിത്രം മാറി. അപ്രതീക്ഷിതമായ പ്രഖ്യാപനങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച കൊച്ചുണ്ണിക്ക് പക്ഷെ കേരളത്തെ അപ്രതീക്ഷിതമായി മുക്കിക്കളഞ്ഞ പ്രളയം കാരണം ഓണത്തിനെത്താൻ സാധിച്ചില്ല. ഓണചിത്രങ്ങളിൽ ഒരു പക്ഷെ ആദ്യം എത്തേണ്ടിയിരുന്ന കോച്ചുണ്ണി ഏറെ വൈകി ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്.

കായംകുളം കൊച്ചുണ്ണിയെ തൂക്കിലേറ്റാൻ വിധിക്കുന്ന കുറിമാനത്തിന്റെ വായനയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. തുടർന്ന് കൊച്ചുണ്ണിയുടെ ബാല്യത്തിലേക്കും യൗവ്വനത്തിലേക്കും സിനിമ പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നു. കള്ളൻ ബാപ്പൂട്ടിയുടെ മകനായ, ബാപ്പയെ വസ്ത്രമില്ലാതെ കെട്ടിയിട്ട് അടിക്കുന്നത് കണ്ട് ഒരിക്കലും കള്ളനാകില്ലെന്ന് മനസ്സ് കൊണ്ട് തീരുമാനമെടുക്കുന്ന വിശന്നാലും കക്കരുതെന്ന് ബാലനെ പഠിപ്പിക്കുന്ന കൊച്ചുണ്ണി കായംകുളം നാട്ടുരാജ്യത്തിന്റെ നിര്‍മലതയുള്ള കള്ളനായി വാഴ്ത്തപ്പെടുന്നതും, താണജാതിക്കാരെ അടിച്ചമര്‍ത്തുന്ന ഉയര്‍ന്നജാതിക്കാരന്റെ ഉന്മൂലനത്തിനായി മോഷ്ടാവിന്റെ വീറോടെ അങ്കത്തിനിറങ്ങുന്നതും കാണാം.

മോഷണത്തിനും മൂല്യമുണ്ടെന്ന് കൊച്ചുണ്ണിയെ പഠിപ്പിച്ച ഇത്തിക്കരപ്പക്കി എത്തുന്നതോടെ പമ്മിയിരുന്ന് സിനിമ കണ്ട പ്രേക്ഷകർ മൂർഖനെപ്പോലെ പോലെ പത്തിവിടർത്തിയെഴുന്നേറ്റു എന്ന് തന്നെപറയാം. കംപ്ലീറ്റ് ആക്ടർ എന്ന വിശേഷണം അന്വർത്ഥമാക്കാൻ ഒരു ചിത്രം മുഴുവനും വേണ്ട , ഏതാനും സീനുകൾ മാത്രം മതിയെന്നുള്ള സത്യം കണ്ണുകളിൽ പോലും ക്രൗര്യമൊളിപ്പിച്ചു വച്ചുകൊണ്ട് പക്കിയെ അനശ്വരനാക്കി തീർത്തുകൊണ്ടു മോഹൻലാൽ തെളിയിച്ചു. മിനിറ്റുകൾ മാത്രം സിനിമയിൽ മുഖം കാണിച്ച മോഹൻലാലിൻറെ പക്കി നൽകിയ ഹാങ്ങ് ഓവറിൽ ഇരുന്നു കൊണ്ടാണ് സിനിമയുടെ ബാക്കിഭാഗം പ്രേക്ഷകർ കണ്ടുതീർത്തതെന്ന് നിസ്സംശയം പറയാം.

കൊച്ചുണ്ണിയെ പകർന്നാടാൻ നിവിന് കഴിയുമോ എന്ന സംശയത്തിന് നിവിൻ കൊടുത്ത മറുപടിയാണ് ഇന്ന് തിയേറ്ററിൽ പ്രേക്ഷകർ കണ്ടത്. നിഷ്കളങ്കനായും കനിവുള്ളവനായും കരുത്തുറ്റ വീരാളിയായും ഉള്ള കൊച്ചുണ്ണിയുടെ വേഷപ്പകർച്ചകൾ നിവിൻ തന്മയത്വത്തോടെ അവതരിപ്പിച്ചു.

ബാബു ആന്റണി , മണികണ്ഠന്‍ ആചാരി, സണ്ണി വെയ്ന്‍, സുധീര്‍ കരമന, മുകുന്ദന്‍, ഇടവേള ബാബു, തസ്നി ഖാന്‍, സിദ്ധാര്‍ത്ഥ ശിവ എന്നിവരാണ്‌ ചിത്രത്തിലെ മറ്റു താരങ്ങള്‍, ഇതില്‍ ബാബു ആന്റണിയുടെയും, മണികണ്ഠന്‍റെയും കഥാപാത്രം പ്രേക്ഷകരുടെ ശ്രദ്ധയില്‍ വരുന്നുണ്ട്, സണ്ണി വെയ്ന്‍ പ്രതിനായകന്റെ കുപ്പായത്തില്‍ തെറ്റില്ലാത്ത പ്രകടനം കാഴ്ചവെയ്ക്കുന്നുമു. പ്രിയാ ആനന്ദിന്റെ നായിക വേഷം അവര്‍ തരക്കേടില്ലാത്ത വിധം അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

Also Read :  തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്റ്റീല്‍ ബോംബ് ആക്രമണം

ചരിത്ര സിനിമകൾ മലയാളിക്ക് അപരിചിതമല്ല. എന്നാൽ ചരിത്ര സിനിമകളുടെ സ്ഥിരം ക്ളീഷേകളിൽ നിന്നും മാറിയുള്ള ബോബി സഞ്ജയുടെ തിരക്കഥയും റോഷൻ ആൻഡ്രൂസിന്റെ സംവിധാനവും ചിത്രത്തെ വേറെ തലത്തിലേക്ക് എത്തിക്കുന്നു.

മാസും ക്ലാസും ചേർത്തൊരുക്കിയ ഗോപിസുന്ദറിന്റെ സംഗീതം സിനിമയുടെ കഥാപശ്ചാത്തലത്തോട് ചേർന്ന് നിൽക്കുന്നു. സിനിമയുടെ മര്‍മ്മമറിഞ്ഞു ക്യാമറ കൈകാര്യം ചെയ്ത പ്രശസ്ത ക്യാമറമാന്‍ ബിനു പ്രധാനും കൂട്ടരും ഒരായിരം കയ്യടി അര്‍ഹിക്കുന്നുണ്ട്. ധന്യ ബാലകൃഷ്ണന്‍റെ വസ്ത്രലാങ്കരവും മികച്ചു നിന്നു. ഓരോ ഫ്രെയിമിലെയും ചിത്രത്തിന്റെ ആര്‍ട്ട് വിഭാഗം അതിമനോഹരമായ അനുഭവമായി.

ചുരുക്കിപ്പറഞ്ഞാൽ മാസും ക്ലാസും ഒത്തൊരുമിച്ചു കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് കുടുംബസമേതം തിയേറ്ററിൽ പോയിക്കാണാവുന്ന ഒരു മികച്ച ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

മോഹൻലാൽ ഭീമനാകില്ല, രണ്ടാമൂഴത്തിൽ നിന്നും എം ടി പിന്മാറുന്നു; തിരക്കഥ തിരികെ വാങ്ങാനുള്ള നിയമനടപടികൾ തുടങ്ങി