ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവുമധികം മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം 2.0 ഇന്നലെ റിലീസായി. ചിത്രത്തിന് സിനിമാലോകത്ത് വൻ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ 2.0 എന്ന തമിഴ് ചിത്രത്തിന്റെ ഈ വിജയത്തിൽ മലയാളികൾക്കും അഭിമാനിക്കാൻ ചിലതുണ്ട്.
ബ്രഹ്മാണ്ഡ ചിത്രം 2.0 ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചു മുന്നേറിക്കൊണ്ടിരിക്കുമ്പോൾ മലയാളികൾക്ക് അഭിമാനമായി മാറിയ ഒരു പേരാണ് മഞ്ജു ഗോപിനാഥ്; 2.0 യുടെ കേരളത്തിലെ പി ആർ ഒ. മലയാള സിനിമാ രംഗത്തെ ആദ്യ വനിതാ പി ആർ ഒ യാണ് മഞ്ജു.
മാധ്യമ പ്രവർത്തകയായിരുന്ന മഞ്ജു മമ്മൂട്ടി ചിത്രമായ മുന്നറിയിപ്പിലൂടെ മീഡിയ പ്രൊമോഷൻ ചെയ്തു തുടങ്ങി.പിന്നീട് കസബ എന്ന സിനിമയിലാണ് ആദ്യമായി പി ആർ ഒ വർക്ക് ഏറ്റെടുക്കുന്നത്. മോഹൻലാലിനോടൊപ്പം ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിലും മഞ്ജു പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടങ്ങോട്ട് അനവധി മലയാള ചിത്രങ്ങളിൽ പി ആർ ഒ ആയി പ്രവർത്തിച്ച മഞ്ജുവിനെ തേടി 2.0 എത്തുകയായിരുന്നു.
കായംകുളം കൊച്ചുണ്ണി, ജോസഫ് എന്നിവയാണ് മഞ്ജു ഒടുവിലായി പി ആർ ഒ വർക്ക് നിർവ്വഹിച്ച മലയാള ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളും ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. നിവിൻ പോളിയുടെ മിഖായേൽ, ടോവിനോ തോമസ്, ഉർവശി കൂട്ടുകെട്ടിന്റെ എന്റെ ഉമ്മാന്റെ പേര്, ഷാഫി റാഫി കൂട്ടുകെട്ടിന്റെ ചിൽഡ്രൻസ് പാർക്ക്, നാദിർഷായുടെ മേരാ നാം ഷാജി, വി കെ പ്രകാശിന്റെ പ്രാണ, മമ്മൂട്ടി ചിത്രമായ ഉണ്ട തുടങ്ങിയവയാണ് മഞ്ജു പി ആർ ഒ വർക്ക് ചെയ്യുന്ന റിലീസ് ആകാനുള്ള മലയാള സിനിമകൾ. ഈ ചിത്രങ്ങളെ കൂടാതെ കമൽഹാസന്റെ ഇന്ത്യൻ 2, അനുഷ്ക ഷെട്ടിയുടെ ചിത്രം എന്നിവയിലും മഞ്ജു സാന്നിധ്യമറിയിക്കാൻ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക