കേരളത്തില്‍ വേനല്‍ക്കാല പച്ചക്കറികള്‍ നടുന്ന സമയമാണിപ്പോള്‍. വിഷുവിന് കണി കാണാന്‍ വെള്ളരി മുതല്‍ കറിവയ്ക്കാന്‍ പടവലം വരെ നാടാണ് ഈ സമയം ഉപയോഗിക്കാം. അടുക്കളത്തോട്ടത്തിലും പച്ചക്കറി കൃഷി ചെയ്യാന്‍ ഒരുങ്ങിക്കോളൂ…
വെള്ളരി തന്നെയാണ് വേനല്‍ക്കാലത്ത് പച്ചക്കറികളിലെ സൂപ്പര്‍ സ്റ്റാര്‍. ധാരാളം ജലാംശമുള്ളതു കൊണ്ട് വെള്ളരി ചൂടുകാലത്ത് കഴിക്കുന്നത് നല്ലതാണ്. വിഷുവിന് കണിയൊരുക്കാനും വെള്ളരി വേണം. സ്വന്തമായി നട്ടുവളര്‍ത്തിയ കണിവെള്ളരി കണ്ടു പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് മനസിന് നല്കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. പയര്‍, വെണ്ട, തക്കാളി, മുളക്, വഴുതന, പാവല്‍, പടവലം, ചീര തുടങ്ങി മിക്ക വിളകളും ഇപ്പോള്‍ നടാം. തണ്ണിമത്തനാണ് മറ്റൊരു പ്രധാന ഇനം. തണ്ണിമത്തന്റെ കുരുനട്ടാല്‍ നല്ല പോലെ വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് ദാഹം മാറ്റാനും ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനുമിതു നല്ലതാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തനില്‍ നിരവധി രാസവസ്തുക്കളാണ് ചേര്‍ക്കുന്നത്. നനയ്ക്കാനുള്ള സൗകര്യം മുന്‍കൂട്ടി കണ്ടാവണം അടുക്കളത്തോട്ടത്തില്‍ പുതിയ വിളകള്‍ നടേണ്ടത്.
കലര്‍പ്പില്ലാത്ത വിത്താവണം നടാന്‍ ഉപയോഗിക്കേണ്ടത്. പലയിനങ്ങളും ഒരേസ്ഥലത്ത് കൃഷിചെയ്യുമ്പോള്‍ മറ്റിനങ്ങളുടെ കലര്‍പ്പുണ്ടാകം. രോഗകീടബാധ ഇല്ലാത്ത വിത്ത് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. കായ്കള്‍ ശരിയായി മൂത്തുപഴുത്ത ശേഷമുള്ളവയില്‍ നിന്നു വേണം വിത്തെടുക്കാന്‍. തക്കാളി, മുളക്, വഴുതന എന്നിവയുടെ കായ്കള്‍ നന്നായി പഴുത്ത ശേഷമേ വിത്തെടുക്കാവൂ. പാവല്‍- പടവലം എന്നിവയുടെ മുക്കാല്‍ഭാഗം പഴുത്താല്‍ വിത്തിനായെടുക്കാം. വെള്ളരി, കുമ്പളം, എന്നിവയുടെ കായ്കള്‍ പഴുത്ത് ഞെട്ട് വാടി ഉണങ്ങിയ ശേഷമാണ് വിത്തെടുക്കേണ്ടത്. കായ് ഉണങ്ങിയശേഷമാണ് പയര്‍, വെണ്ട എന്നിവയുടെ വിത്ത് എടുക്കേണ്ടത്.
നേരിട്ടും മുളപ്പിച്ചുമാണ് പച്ചക്കറി വിത്തുകള്‍ നടേണ്ടത്. ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന എന്നിവ നേരിട്ട് മണ്ണില്‍ നടാം. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷമാണ് നടേണ്ടത്. വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം എന്നിവ ഇത്തരത്തില്‍ നടേണ്ടവയാണ്. മണ്ണ് പാകപ്പെടുത്തിയ തടത്തിലാണ് നേരിട്ടു നടേണ്ട വിത്തുകള്‍ ഇടുന്നത്. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി നനക്കണം, തുള്ളി നനയാണ് നല്ലത്. രണ്ടു നേരം നനയ്ക്കുന്നത് എളുപ്പത്തില്‍ മുളയ്ക്കാന്‍ സഹായിക്കും. ഉറുമ്പുകളുടെ ആക്രമണത്തെ എപ്പോഴും ശ്രദ്ധിക്കണം. മുളച്ചു കഴിഞ്ഞാല്‍ പറിച്ചുമാറ്റി വേണ്ട അകലത്തില്‍ നടാം.
മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12 മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്വെച്ച്, തണലത്ത് വെയ്ക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക