ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ മാല്‍വെയറുകളുടെ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട്. ലോകത്താകമാനം 2.5 കോടി ആന്‍ഡ്രോയിഡ് ഡിവൈസുകളെയാണ് ‘ഏജന്റ് സ്മിത്ത്’ എന്ന മാല്‍വെയര്‍ ബാധിച്ചിട്ടുള്ളത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെക്ക് പോയിന്റാണ് കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്.
ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ എന്ന വ്യാജേനയാണ് ഈ മാല്‍വെയറുകള്‍ മൊബൈല്‍ ഫോണുകളില്‍ കടന്നുകൂടുന്നത്. ആന്‍ഡ്രോയിഡിന്റെ സുരക്ഷാ പരിമിതികള്‍ മുതലെടുത്ത് ഉപയോക്താവറിയാതെ ഫോണില്‍ കയറുകയും ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്റെ സ്ഥാനത്ത് ഇതേ ആപ്ലിക്കേഷന്റെ മലീഷ്യസ് വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമാണ് ഈ മാല്‍വെയറുകളുടെ രീതി.
വ്യാജ പരസ്യങ്ങളിലൂടെ ലാഭം കൊയ്യാനാണ് ഏജന്റ് സ്മിത്ത് എന്ന മാല്‍വെയറിനെ ഉപയോഗിക്കുന്നത്. കോപ്പി കാറ്റ്, ഗൂളിഗാന്‍, ഹമ്മിങ്ബാഡ് എന്നിങ്ങനെ മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിക്കപ്പെട്ട മാല്‍വെയറുകള്‍ക്ക് സമാനമാണ് ഏജന്റ് സ്മിത്തിന്റെയും പ്രവര്‍ത്തനം. ജനപ്രിയ തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറായ 9 ആപ്പ്സില്‍ നിന്നാണ് ഏജന്റ് സ്മിത്ത് ഉണ്ടായതെന്ന് ചെക്ക് പോയിന്റിന്റെ കണ്ടെത്തലില്‍ പറയുന്നുണ്ട്. ഹിന്ദി, ഇന്തോനേഷ്യന്‍, റഷ്യന്‍ ഭാഷക്കാരെയാണ് ഏജന്റ് സ്മിത്ത് പ്രധാനമായും ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക