കണ്ണൂർ: 90 ലക്ഷത്തിന്റെ രണ്ടു കിലോ 336 ഗ്രാം സ്വര്‍ണ ബിസ്കറ്റുകള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. ഇന്നലെ പുലര്‍ച്ചെ 3.45ന് അബുദാബിയില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തില്‍ നിന്നാണ് 2.36 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയത്. എന്നാല്‍ ഇത് കൊണ്ടുവന്നയാളെ കണ്ടെത്താനായില്ല.
യാത്രക്കാരിറങ്ങിയ ശേഷം സെക്യൂരിറ്റി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച പൊതി കണ്ടെത്തിയത്. തുടര്‍ന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ.വികാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്വര്‍ണം കസ്റ്റഡിയിലെടുത്തു.
യാത്രക്കാരില്ലാത്ത സീറ്റിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പത്ത് ബിസ്കറ്റുകള്‍ വീതം രണ്ട് കെട്ടുകളിലാക്കി കറുത്ത സെല്ലോ ടേപ്പുപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു.
അതിനിടെ യാത്രക്കാരനായ കാസര്‍കോട് സ്വദേശി നൗഫലില്‍ നിന്ന് രണ്ടര ലക്ഷം രൂപയുടെ മൂന്നു കിലോ കുങ്കുമപ്പൂവും പിടികൂടി. അബുദാബിയില്‍ നിന്നെത്തിയ ഇയാളെ സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കുങ്കുമപ്പൂവ് കണ്ടെത്തിയത്.
സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി. മാധവന്, ഇന്‍സ്പെക്ടര്‍മാരായ യദുകൃഷ്ണന്, എന്‍. അശോക് കുമാര്‍, കെ.വി. രാജു, മനീഷ് കുമാര്‍, എന്‍.പി.പ്രശാന്ത്, ഹവില്‍ദാര്‍മാരായ ശ്രീരാജ്, സുമാവതി എന്നിവരാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക