പയ്യന്നൂരിൽ നിന്ന് ഞെട്ടിക്കുന്ന ഒരു സദാചാര ഗുണ്ടായിസത്തിന്റെ വാർത്ത പുറത്ത് വന്നിരിക്കുന്നു… കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടൽക്കാട് സംരക്ഷണവുമായി ബന്ധപ്പെട്ട് പയ്യന്നുർ കോളേജിലെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളുമായ കുറച്ച് സുഹൃത്തുക്കൾ ഒരു നാടകം പരീശിലിച്ച് വരികയായിരുന്നു. നാടകം എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മിക്കദിവസങ്ങളിലും വൈകുന്നേരം വരെ അവർ നാടകക്കളരിയിലായിരുന്നു. ഇത് വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഒക്കെയുള്ള ഒരു നാടാണെന്ന ധാരണയിൽ , ആണും പെണ്ണും അടുത്തിരുന്നാൽ കുരു പൊട്ടുന്ന പഴകിദ്രവിച്ച ചിന്തയുള്ളവർ നമ്മുടെ നാട്ടിൽ കാണില്ല എന്ന ധാരണയിൽ അവർ നാടക പരിശീലനത്തിൽ മുഴുകി.
എന്നാൽ മാനസീകമായും ശാരീരികവുമായി അവരെ തളർത്തിക്കളഞ്ഞൊരു അനുഭവമാണ് അവർക്ക് നേരിടേണ്ടി വന്നത്. നവോത്ഥാനകേരളം എന്ന് നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ചു പറയുന്ന മലയാളി കേട്ടാൽ മൂക്കത്ത് വിരൽ വെക്കുന്ന ഒരു സംഭവം.
കഴിഞ്ഞ ദിവസം വൈകുന്നേരം നാടകം പരിശീലിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ അടുത്തേക്ക് കേട്ടലറക്കുന്ന ഭാഷയിൽ ആക്രോശിച്ചു കൊണ്ട് കുറേയേറെ സദാചാര മേലാളന്മാർ വരികയും , വിദ്യാർത്ഥികളെ അതി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ചില സ്ത്രീകൾ വന്ന് പെൺകുട്ടികളെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവരിൽ പലർക്കും ബോധക്ഷയം വരെ സംഭവിച്ചു. തലക്കടിയേറ്റ് ബോധം പോയ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇത്രയും പൈശാചികമായ ഒരു സംഭവം നാട്ടിൽ നടന്നത് ഒരു പക്ഷെ പയ്യന്നൂരുകാർതന്നെ അറിഞ്ഞ് കാണില്ല. സദാചാരൻമാരുടെ പിടി അത്രക്ക് വലുതാണ്. നാളെ ഇനി നാടക സംഘം വീട്ടിൽ കയറി ആക്രമിച്ചു എന്ന് വാർത്ത വന്നാലും അത്ഭുതപ്പെടാനില്ല എന്നർത്ഥം.
കഴിഞ്ഞ പ്രളയകാലത്തും വയനാട്ടിലേക്കും മറ്റും ഭക്ഷ്യ വസ്തുക്കളും മറ്റും കയറ്റി അയക്കാൻ പുലരുവോളം ഉറക്കമൊഴിച്ച് പണിയെടുത്ത ഈ കൂട്ടായ്മയിലെ അംഗങ്ങളോട് സദാചാരക്കാർ കയർത്തിരുന്നു. അതിന്റെ തുടർച്ചയായി വേണം കഴിഞ്ഞ ദിവസത്തെ സംഭവത്തെ കരുതാൻ. പ്രളയദുരിതാശ്വാസമായാലും നാടകമായാലും ചോര തന്നെ കൊതുകിന്ന് കൗതുകം… ലിംഗ ഭേതമില്ലാതെ സ്നേഹിക്കുകയും കലഹിക്കുകയും പാടുകയും പറയുകയും ചെയ്യുന്നവരുടെ ചോര…
നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ പ്രതിഷേധമായി മുരിക്കിൻ വിതരണം ചെയ്ത് പയ്യന്നൂരിൽ തന്നെ തെരുവ് നാടകവും നടത്തി ഈ കലാകാരൻമാർ.
നാളെയും നമുക്ക് വഴി നടക്കണം ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ആടണം പാടണം നാടകം കളിക്കണം… ഈ നാടിന് പേരിൽ മാത്രം പോരല്ലോ നവോത്ഥാനം…
പ്രതികരിക്കാൻ ഇവിടെ എഴുതുക