ചർമ്മം മനോഹരമാക്കാൻ വാക്സിംഗ് സൂപ്പറാണെന്ന് യുവത്വത്തിന് അറിയാം. എന്നാൽ വാക്സിംഗിന് മുമ്പ് ഓർക്കേണ്ട പല കാര്യങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.വാക്സിംഗിന് മുമ്പ് പ്രീ വാക്സിംഗ് ജെൽ പുരട്ടുന്നത് നല്ലതാണ്. ചൂട് വാക്സ് ഉപയോഗിക്കുമ്പോൾ ചർമത്തിൽ ചൂട് തട്ടാതിരിക്കാനും വേദന അനുഭവപ്പെടാതിരിക്കാനും സഹായിക്കും.
കൈകാലുകളിൽ എണ്ണമയമോ വെള്ളമോ മറ്റോ ഉണ്ടെങ്കിൽ വൃത്തിയാക്കിയ ശേഷം വാക്സിംഗ് തുടങ്ങാം. വാക്സിംഗ് കഴിഞ്ഞാൽ ആഫ്റ്റർ വാക്സിംഗ് ഓയിൽ പുരട്ടി മസാജ് ചെയ്യാം. വാക്സിന്റെ അംശം കളയാനും ചർമ്മത്തിന് കൂടുതൽ മൃദുത്വം കിട്ടാനും ഇതു സഹായിക്കും. വാക്സിംഗ് ചെയ്ത ഭാഗം വൃത്തിയാക്കി ഐസ് കട്ടകൾ കൊണ്ട് ഉരസണം.വാക്സിംഗിന് ശേഷം ചുവന്ന പാടുകൾ, കുരുക്കൾ ഇവ ഉണ്ടാകുന്നത് ഇതിലൂടെ ഒഴിവാക്കാം.
വീട്ടിൽ ചെയ്യാം വാക്സിംഗ്
രോമവളർച്ച അധികമില്ലെങ്കിൽ കൈകാലുകൾ വീട്ടിൽ തന്നെ വാക്സ് ചെയ്യാം. വാക്സ് ചെയ്യേണ്ട ഭാഗം ചെറുചൂടുവെള്ളത്തിൽ കഴുകുക. എണ്ണമയമോ മറ്റോ ഉണ്ടെങ്കിൽ അതു തുടച്ചു നീക്കി ടാൽകം പൗഡർ തൂവണം. കടയിൽ വാങ്ങാൻ കിട്ടുന്ന ഹോട്ട് വാക്സ് വാങ്ങി അതിൽ നിന്ന് അൽപ്പമെടുത്ത് ഒരു മെറ്റൽ പാത്രത്തിലാക്കി അടുപ്പത്ത് വച്ച് നന്നായി ചൂടാക്കുക. ഒരു വാക്സിംഗ് നൈഫ് ഉപയോഗിച്ച് രോമങ്ങൾ വളർന്ന് നിൽക്കുന്ന ദിശയിൽ കുറച്ചു തേച്ച് പിടിപ്പിക്കുക. വാക്സിംഗ് സ്ട്രിപ്പ് ഇതിന് മേലേ ഒട്ടിക്കുക.എതിർ ദിശയിലേക്ക് വലിച്ചെടുക്കുക. ഒരേ സ്ഥലത്ത് ഒന്നിലധികം തവണ വാക്സ് ചെയ്യരുത്. വാക്സിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുകയോ ഐസ് കട്ടകൾ കൊണ്ടുരസുകയോ ചെയ്യണം. അതിന് ശേഷം മോയിസ്ചറൈസർ പുരട്ടുക.
വീട്ടിൽ തയാറാക്കാം
ഒരു കപ്പ് പഞ്ചസാര പൊടിച്ചത് അടുപ്പത്തേക്ക് വച്ച് ചൂടാക്കി ബ്രൗൺ നിറമാക്കുക. ഇതിലേക്ക് ഒരു കപ്പ് തേനും അരക്കപ്പ് നാരങ്ങാനീരും ചേർത്ത് ഒരു തടി സ്പൂൺ ഉപയോഗിച്ച് തുടരെയിളക്കി യോജിപ്പിക്കുക. കോരിയെടുക്കാൻ പാകത്തിലായിരിക്കണം. വാക്സ് മിശ്രിതം കട്ടി കൂടുതലാണെങ്കിൽ അല്പം വെള്ളം കൂടി ചേർത്തു പാകപ്പെടുത്തുക. 300 ഗ്രാം നാരങ്ങാ നീരിൽ അമ്പത് ഗ്രാം പഞ്ചസാര ചേർക്കുക. (ഏകദേശം എട്ടു നാരങ്ങയുടെ നീര്) ഈ മിശ്രിതം ചെറുതീയിൽ ഏകദേശം 15-20 മിനിറ്റ് അടുപ്പിൽ വച്ച് ചെറുതീയിൽ ചൂടാക്കണം. ഇളംബ്രൗൺ നിറം വരുമ്പോൾ വിരലിലെടുത്ത് പാകം നോക്കണം. ഒരു നൂൽ പരുവമാവുമ്പോൾ തണുപ്പിച്ച് ടിന്നിലടച്ച് സൂക്ഷിച്ച് ഉപയോഗിക്കാം.
മഞ്ഞൾ സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് എപ്പോഴും. ഒരു ടീസ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞൾപ്പൊടിയും അൽപം പാലിൽ ചേർത്ത് കുഴയ്ക്കാം. ഇത് പേസ്റ്റ് രൂപത്തിലായ ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം.ഇത് ഒരാഴ്ച തുടർന്നാൽ രോമം പതുക്കെ പതുക്കെ കൊഴിഞ്ഞ് പോവാൻ തുടങ്ങും. ഒരു സ്പൂൺ പഞ്ചസാരയും പകുതി നാരങ്ങയുടെ നീരും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. പഞ്ചസാര നല്ലത് പോലെ ഉരുകി കഴിഞ്ഞതിന് ശേഷം മാത്രമേ മുഖത്ത് തേയ്ക്കാൻ പാടുള്ളൂ. ഇത് തുടർച്ചയായി ചെയ്താൽ മുഖത്തെ രോമം എന്നെന്നേക്കുമായി കൊഴിഞ്ഞ് പോവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക