കൊച്ചി : ഏപ്രിൽ മാസത്തിൽ ഇത് വരെയുള്ള പത്തു സെഷനുകളിലായി 11.75% വളർച്ചയാണ് ബിഎസ്ഇ സൂചിക നേടിയത്. തുടർച്ചയായ നേട്ടത്തോടെ നിഫ്റ്റി 9200 പോയിന്റിന് മുകളിൽ വ്യാപാരമവസാനിപ്പിച്ചതും വിപണിക്കനുകൂലമാണ്.
വെള്ളിയാഴ്ചത്തെ റിസർവ് ബാങ്ക് ഗവർണറുടെ പ്രഖ്യാപനങ്ങളുടെ വെളിച്ചത്തിൽ ബാങ്ക് നിഫ്റ്റി 6.6%വും റിയാലിറ്റി സൂചിക 3.6%വും ഓട്ടോ ഇൻഡക്സ് 5.11%വും നേട്ടം സ്വന്തമാക്കിയപ്പോൾ ദിവസങ്ങൾക്ക് ശേഷം ആദ്യമായി വെള്ളിയാഴ്ച ഫാർമ സെക്ടർ നേട്ടം കൈവിട്ടു.
ആർബിഐയുടെ പ്രഖ്യാപനങ്ങളുടെ വെളിച്ചത്തിൽ നിഫ്റ്റിയുടെ പ്രൈവറ്റ് ബാങ്ക് സൂചിക 7.37% ഉയർച്ച നേടിയപ്പോൾ പൊതുമേഖലാ ബാങ്കിങ് സൂചിക 2.03% മാത്രമാണ് ഉയർച്ച നേടിയത്.
എണ്ണ വില അടുത്തൊന്നും ഉയർന്നേക്കില്ല എന്ന വിപണി ചിന്ത ശക്തമാകുന്നതും വിദേശ നിക്ഷേപകർ ഫണ്ടുമായി തിരികെയെത്തുന്നതും ഇന്ത്യൻ വിപണിക്കനുകൂലമാണ്. വിദേശ ഫണ്ടുകൾ തിരികെയെത്തുന്നത് രൂപയുടെ മൂല്യമുയർത്തുമെന്നും വിപണി കരുതുന്നു.
രാജ്യാന്തര വിപണിയിൽ സ്വർണവില കഴിഞ്ഞ മുപ്പതു ദിവസത്തിനുള്ളിൽ ഉയർന്നത് 236 ഡോളറാണ്, അതായത് 15% ൽ കൂടുതൽ വളർച്ച. ഓഹരി വിപണി വീണ്ടും ശക്തിപ്പെടുന്നത് സ്വർണവിലയിൽ തിരുത്തലുണ്ടാക്കിയേക്കും.
മാർച്ചിലെ പണപ്പെരുപ്പത്തോത് കുറഞ്ഞതും ഇന്ത്യയുടെ 2020ലെ ജിഡിപി വളർച്ച 1.9% ആയിരിക്കുമെന്ന ഐഎംഎഫിന്റെ അനുകൂല പ്രവചനവും വിപണിക്ക് പൊതുവിൽ ഗുണകരമാണ്.
ഇന്ത്യയിൽ ഈ കൊല്ലം കൃത്യമായ കാലവർഷം ലഭ്യമാകുമെന്ന ഐഎംഡിയുടെ റിപ്പോർട്ടും വിപണിക്കനുകൂലമാണ്. ഇന്ത്യൻ മെറ്റീരിയോളോജിക്കൽ ഡിപ്പാർട്മെന്റിന്റെ പഠനപ്രകാരം സാധരണനിലയിൽ നിന്നു 96% മഴയാണ് ഇക്കൊല്ലം ഇന്ത്യയിൽ ലഭ്യമാകുക.
അമേരിക്കയുടെ ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 700 പോയിന്റ് ഉയർച്ചയാണ് നേടിയത്. ബോയിങ് ഓഹരി വൻ കുതിപ്പ് നേടി. ഗിലെയാദ് സയൻസിന്റെ പുതിയ മരുന്ന് കൂട്ട് കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നു എന്ന വാർത്തയാണ് വ്യാഴാഴ്ച അമേരിക്കൻ വിപണിക്ക് 4% ത്തിനടുത്ത് കുതിപ്പ് നൽകിയത്. അമേരിക്കയിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താനാവശ്യമായ നടപടികൾ വരുന്നു എന്നതും വിപണിക്കാശ്വാസമാണ്.
ഡൗ ജോൺസ് സൂചിക മാർച്ച് 23–ാം തീയതിയിലെ 18,591 പോയിന്റ് നിലയിൽ നിന്നും 30% നേട്ടമാണ് ഇതുവരെ നേടിയത് എന്നത് ശ്രദ്ധേയമാണ്. ഇതേ കാലയളവിൽ സെൻസെക്സ് 21.58% നേട്ടമാണ് കൈവരിച്ചത്. വിപണി അടുത്ത വാരത്തിലും കുതിപ്പ് തുടരുമെന്ന് കരുതുന്നു.
എന്നാൽ ചൈനീസ് ജിഡിപി വളർച്ച -6.8% ആയതും ചൈനയുടെ വ്യാവസായിക വളർച്ച -8.4 % ആയതും ആഗോള വിപണിക്ക് തിരിച്ചടി തന്നെയാണ്. യുഎസ്, യൂറോപ്യൻ, ഏഷ്യൻ ഡേറ്റകളും മോശമാകുന്നത് വിപണിയിൽ അടുത്ത ലാഭമെടുക്കലിന് ഇടയാക്കിയേക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക