കൊവിഡ് കാലത്ത് കർമ്മനിരതരായ പൊലീസുകാര്‍ക്ക് സല്യൂട്ട് നല്കി മഞ്ജു വാര്യര്‍. കേരള പൊലീസിന്റെ ‘നൂപുരം’ എന്ന ഷോട്ട് ഫിലിമിലാണ് സ്പെഷല്‍ അപ്പിയറന്‍സുമായി മഞ്ജു വാര്യര്‍ എത്തുന്നത്. ഈ ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പൊലീസിന് അഭിനന്ദനവുമായി കമന്റ് ബോക്സിലെത്തുന്നത്. തൃശൂർ പൊലീസാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.
രാപകലില്ലാതെ ജോലിചെയ്യുന്ന പൊലീസുദ്യോഗസ്ഥരില്‍ മുലയൂട്ടുന്ന അമ്മമാരും ഉണ്ടായിരിക്കും. നമ്മുടെ മക്കള്‍ക്ക് ഈ മഹാമാരി വരാതിരിക്കാന്‍ പൊള്ളുന്ന വെയിലിലും സ്വന്തം കൈക്കുഞ്ഞുങ്ങളെ പോലും അകറ്റി നിര്‍ത്തി ജോലി ചെയ്യുന്ന പൊലീസ് സഹോദരിമാർക്ക് നമുക്കൊരു ബിഗ് സല്യൂട്ട് നല്‍കാമെന്ന് മഞ്ജു വാര്യര്‍ നൂപുരത്തിന്റെ ഏറ്റവും ഒടുവിൽ പറയുന്നത്.
‘കൊറോണ എന്ന മഹാമാരിക്കെതിരെ രാപ്പകലില്ലാതെ പോരാടുകയാണ് പൊലീസും, ആരോഗ്യപ്രവർത്തകരും. സ്വന്തം കുടുംബത്തെ പോലും മറന്നാണ് ഇവർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഏവർക്കും വേണ്ടി സ്വന്തം ജീവൻ പോലും പണയം വച്ച് ഈ മഹാവ്യാധിയെ തുരത്താൻ പൊലീസ് എപ്പോഴും ജാഗരൂഗരാണ്. നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ വിജയം.
ഇത്തരം സേവനങ്ങളുടെ ഒരു ചെറു കാഴ്ച വീഡിയോയിലൂടെ പങ്കു വയ്ക്കുന്നു . ഈ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഒരു ബിഗ് സല്യൂട്ട്.’ എന്ന കുറിപ്പോട് കൂടിയാണ് കേരളാ പൊലീസ് നൂപുരം പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക