കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് മരണമടഞ്ഞത് 5,619 പേര്. ഇതോടെ ആകെ മരണം 2.39 ലക്ഷമായി. ഇന്നലെ മാത്രം 94,533 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 212 രാജ്യങ്ങളിലായി 33.98 ലക്ഷം പേരാണ് കൊവിഡ് ബാധിതര്‍. ഇതില്‍ പത്തുലക്ഷത്തില്‍ അധികം പേരുടെ രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ 20.78 ലക്ഷം പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 51,355 പേരുടെ നില ഗുരുതരമാണ്.
അമേരിക്കയില്‍ ആഴ്ചകളായി തുടര്‍ന്നുവരുന്ന മരണനിരക്കില്‍ ഇന്നലെയും കാര്യമായ കുറവുണ്ടായില്ല. 1,892 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ മരിച്ചത്. ഇതോടെ ആകെ മരണം 65,748 ആയി ഉയര്‍ന്നു. 35,000ത്തിലേറെ പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികള്‍ 11.31 ലക്ഷമായി. അതേസമയം ചൈനയില്‍ ഇന്നലെയും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.യുകെയില്‍ 739 പേരും ബ്രസീലില്‍ 509 പേരും സ്പെയിനില്‍ 281 പേരും ഇറ്റലിയില്‍ 269 പേരും ഫ്രാന്‍സില്‍ 218 പേരും കാനഡയില്‍ 207 പേരുമാണ് ഇക്വഡോറില്‍ 163 പേരുമാണ് ഇന്നലെ മരിച്ചത്.
അമേരിക്ക കൂടാതെ 24,000ത്തിലേറെ ആളുകള്‍ മരിച്ച നാല് രാജ്യങ്ങളാണ് സ്പെയിന്, ഇറ്റലി, യുകെ, ഫ്രാന്‍സ് എന്നിവ. ഒരു ലക്ഷത്തിലേറെ രോഗികളുളള എട്ട് രാജ്യങ്ങളാണുളളത്. റഷ്യ, ബ്രസീല്‍ എന്നി രാജ്യങ്ങളില്‍ ഓരോ ദിവസവും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. റഷ്യയില്‍ 1.14 ലക്ഷം രോഗികളാണുളളത്. 1,169 പേര് ഇതുവരെ മരിച്ചു. ബ്രസീലില്‍ 6,410 പേര് മരിക്കുകയും 92,109 ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ ഏഴ് പേരാണ് മരിച്ചത്. ഇതോടെ 169 ആയി ആകെ മരണം. 24,097 രോഗികളാണ് ഇവിടെയുളളത്. ഖത്തറില്‍ രണ്ട് പേര് കൂടി മരിച്ചതോടെ 12 ആയി മരണനിരക്ക്. 14,096 പേര്‍ക്കാണ് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. യുഎഇയില്‍ ആറ് പേരാണ് ഇന്നലെ മരിച്ചത്. ആകെ മരണം 111, രോഗികള്‍ 13,038. കുവൈറ്റില്‍ നാലുപേര്‍ മരിച്ചതോടെ ആകെ മരണം 30. ബഹ്റൈന്‍, ഒമാന്‍ എന്നി രാജ്യങ്ങളില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
ഇന്ത്യയില്‍ ഇന്നലെ രാത്രി വരെ 35,365 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,152 പേര് കൊവിഡിനെ തുടര്‍ന്ന് മരിച്ചു. കൊറോണ പടരുന്ന സാഹചര്യത്തില്‍ മേയ് മൂന്നിന് അവസാനിക്കാന്‍ ഇരുന്ന ലോക്ക് ഡൗണ്‍ ഇന്നലെ രണ്ടാഴ്ചത്തേക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുളളത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ്. ഇതില്‍ മഹാരാഷ്ട്രയില്‍ മാത്രം 11,506 ആയി കൊവിഡ് രോഗികളുടെ എണ്ണം. ഗുജറാത്തില്‍ 4,721, ഡല്‍ഹിയില്‍ 3,738, മധ്യപ്രദേശില്‍ 2,715, രാജസ്ഥാനില്‍ 2,666, തമിഴ്നാട് 2,526, ഉത്തര്‍പ്രദേശ് 2,281 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക