പാക്കിസ്ഥാന്റെ പുതിയ സെൻസേഷനൽ ബാറ്റ്സ്മാനായ ബാബർ അസമിന്റെ ഫുട് വർക്കും ബാലൻസുമാണ് അദ്ദേഹത്തെ മികച്ച ബാറ്റ്സ്മാനായി മാറ്റുന്നതെന്ന് മുൻ ക്രിക്കറ്റർ മുഹമ്മദ് യൂസുഫ്. 13 വർഷം നീണ്ട തന്റെ കരിയറിൽ താൻ പഠിച്ച വലിയ പാഠങ്ങളിലൊന്നും ബാലൻസായിരുന്നുവെന്ന് യൂസുഫ് ഓർമിച്ചു.
ഇതിനൊപ്പം മുൻ കോച്ചായിരുന്ന ബോബ് വൂമർ എങ്ങനെയാണ് തന്റെ കരിയറിന്റെ നിർണായകഘട്ടത്തിൽ സഹായവുമായി എത്തിയതെന്നും യൂസുഫ് തന്റെ യൂട്യൂബ് വീഡിയോയിലൂടെ വീണ്ടും ഓർത്തെടുത്തു.
കരിയറിന്റെ ഒരു ഘട്ടത്തിൽ ഫുട് വർക്കിലെ പ്രശ്നങ്ങൾ എന്നെ അലട്ടിയിരുന്നു. അപ്പോഴത്തെ ഹെഡ് കോച്ച് ബോബ് വൂമറുടെ സഹായത്തോടെയാണ് ഞാൻ അത് മാറ്റിയെടുത്തത്. എന്റെ കാലഘട്ടത്തിലെ മികച്ച ബാറ്റ്സ്മാൻമാരിലൊരാളായി മാറാനും ഇത് സഹായിച്ചു. യൂസുഫ് പറയുന്നു.
ഇന്നത്തെ കാലത്ത് ഫിറ്റ്നസ് വളരെ പ്രധാനമാണ്. കൂടുതൽ ഫിറ്റ്നസ് കൈവരിക്കുന്നത് നിങ്ങളുടെ കളിയിലും പ്രതിഫലിക്കും. ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു നീക്കുപോക്കിനും നിൽക്കരുത്. യൂസുഫ് ഉപദേശിക്കുന്നു.
മുൻ പാക് കോച്ച് ബോബ് വൂമർ കോച്ചായിരുന്ന സമയത്ത് ഇൻസമാം ഉൾ ഹഖായിരുന്നു പാക് ക്യാപ്റ്റൻ. മുഹമ്മദ് യൂസുഫ് ടീമിലെ പ്രധാന ബാറ്റ്സ്മാനും. 2007 ലെ ലോകകപ്പിനിടയിലായിരുന്നു വൂമറുടെ അന്ത്യം. അന്ന് പാക് തോൽവിക്കു പിന്നാലെ ഉണ്ടായ വൂമറുടെ അന്ത്യം ഏറെ വിവാദമാവുകയും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക