ശരിക്കും കശാപ്പ് തന്നെയായിരുന്നു അത്. വിൻഡീസ് ഓപണർമാർ അയർലൻഡിനെ തച്ചു തകർത്ത് താണ്ഡവമാടിയ ദിനം. വിൻഡീസ് ഓപണർമാരായ ജോൺ കാംപലും ഷായി ഹോപ്പും ചേർന്ന് 2019 മെയ് 5 നായിരുന്നു ഏകദിനമത്സരത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് പടുത്തുയർത്തിയത്. കൃത്യമായി പറഞ്ഞാൽ ഒരു കൊല്ലം മുമ്പ്.
ലോകക്രിക്കറ്റ് ചരിത്രത്തിൽ ഏകദിനത്തിലെ ഏറ്റവും ഉയർന്ന ഓപണിങ് കൂട്ടുകെട്ടാണ് അത്. ഡുബ്ലിനിലെ കാസിൽ അവന്യുവിലായിരുന്നു മത്സരം. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് അടിച്ചെടുത്തത് 365 റൺസാണ്. ടീമിന്റെ മൊത്തം റൺസ് 381 റൺസായിരുന്നു. കാംപൽ 15 ഫോറിന്റെയും 6 സിക്സറുകളുടെയും സഹായത്താവ് 179 റൺസ് നേടി. ഷായി ഹോപ്പാവട്ടെ, 22 ഫോറുകളുടെയും 2 സിക്സറുകളുടെയും സഹായത്താൽ 170 റൺസും.
48 ാമത്തെ ഓവറിലാണ് ഇവരുടെ സഖ്യം പിരിയുന്നത്. 8 റൺസ് കൂടി നേടിയിരുന്നെങ്കിൽ ഇരുവർക്കും ഏത് വിക്കറ്റിലേയും ഏറ്റവും ഉയർന്ന സ്കോറും സ്വന്തമാക്കാമായിരുന്നു.
കാരണം വിൻഡീസ് കളിക്കാർ തന്നെയായ ക്രിസ് ഗെയിലും മർലോൺ സാമുവൽസും 2015 ലോകകപ്പിൽ സിംബാബ് വെയ്ക്കെതിരെ പടുത്തുയർത്തിയ 372റൺസാണ് ലോകക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഏത് വിക്കറ്റിലെയും ഉയർന്ന കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിന് ഒരു വർഷം തികഞ്ഞത് ഓർമിപ്പിച്ച് ഐ സിസിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക