അമിതാഭ് ബച്ചനും,ദീപികാ പദുക്കോണും,ഇർഫാൻ ഖാനും മത്സരിച്ചഭിനയിച്ച ബോളിവുഡ് ചിത്രമാണ് ‘പീക്കു’. ചിത്രം റിലീസായി ഇന്നേക്ക് അഞ്ച് വർഷം തികയുകയാണ്. തീർത്തും അതിഭാവുകത്വങ്ങൾ ഇല്ലാതെ സ്ഥിരം ബോളിവുഡ് മേമ്പൊടിയായ മസാലകളില്ലാതെ ഒരുക്കിയ ചിത്രമായിരുന്നു പീക്കു. അച്ഛന്റേയും മകളുടേയും സൗഹൃദവും അവരുടെ സ്നേഹവും ഏറ്റവും ഭംഗിയുള്ള ദൃശ്യഭാഷയിൽ മെടഞ്ഞെടുത്തതാണ് പീക്കു. ചിത്രത്തിൽ ഇർഫാൻ അവതരിപ്പിച്ച റാണ എന്ന കഥാപാത്രവും ഏറെ ശ്രേദ്ധനേടിയിരുന്നു. ചിത്രത്തിന് പ്രേക്ഷക നിരൂപക പ്രശംസകൾ ലഭിച്ചിരുന്നു. 25 കോടിയിൽ ഒരുങ്ങിയ പീക്കുവിന് 141 കോടിയുടെ കളക്ഷനാണ് ലഭിച്ചത്.
ഇപ്പോഴിതാ ചിത്രം റിലീസായി അഞ്ച് വർഷം തികയുന്ന ഇന്നത്തെ ദിവസം ഇർഫാനൊപ്പമുള്ള പീക്കുവിന്റെ അണിയറയിലെ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ദീപിക. ചിരിച്ചുകൊണ്ട് നിക്കുന്ന ദീപികയും ഇർഫാനും പുറം തിരിഞ്ഞു നിൽക്കുന്ന പീക്കുവിന്റെ സംവിധായകനായ ഷൂജിത് സിർകാരുമാണ് ഫ്രെയ്മിലുള്ളത്.
ചിത്രത്തിലെ തന്നെ ഗാനമായ ‘ലംഹേ ഗുസർ ഗയേ …. ചെഹരേ ബദൽ ഗയേ..’ എന്ന ഗാനത്തിനൊപ്പം ആർ ഐ പി ഡിയർ ഫ്രണ്ട് എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക