പൊറോട്ട ഇഷ്ടമില്ലാത്തവരായി ആരെങ്കിലും ഉണ്ടാകാൻ സാധ്യതയില്ല. എന്നാലിനി പൊറോട്ടയെ ഒന്ന് സൂക്ഷിക്കണം. ഇനി പൊറോട്ടയില്‍ തൊട്ടാല്‍ കൈപൊള്ളുമെന്ന് കര്‍ണാടകയുടെ പുതിയ തീരുമാനം അറിയിക്കുകയാണ്. റൊട്ടി വിഭവങ്ങളില്‍ പൊറോട്ട പെടില്ലെന്നും അതിന് 18 ശതമാനം ജി.എസ്.ടി നല്‍കണമെന്നുമാണ് കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (എ.എ.ആര്) വിധിച്ചത്. ഐഡി ഫ്രഷ് ഫുഡ്, വൈറ്റ്ഫീല്‍ഡ് തുടങ്ങിയ ഭക്ഷ്യ നിര്‍മ്മാണ കമ്പനികള്‍ പൊറോട്ടയെ റൊട്ടി വിഭവങ്ങളില്‍ പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് സമീപിച്ചപ്പോഴാണ് എ.എ.ആറിന്റെ വിധി.
പൊറാട്ടയുമായി താരതമ്യം ചെയ്യുമ്പോള്‍ റൊട്ടിക്ക് 5 ശതമാനം മാത്രമാണ് ജി.എസ്.ടി. എന്നാല്‍ ഈ ആവശ്യം നിരാകരിച്ച അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് പൊറോട്ടയെ 18 ശതമാനം ജി.എസ്.ടി സ്ലാബിലേക്ക് മാറ്റുകയായിരുന്നു. റൊട്ടി എന്നത് നേരത്തെ തയ്യാറാക്കിയ വിഭവമാണ്. പൊറോട്ട കഴിക്കുന്നതിന് മുമ്പ് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതാണ്. ഈ കണ്ടെത്തലാണ് നികുതി മാറ്റത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക