കൊല്ലത്ത് എസ്.എന്‍.ഡി.പി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ചു. യൂണിയന് അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ചാണ് വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചത്. എസ്.എന്‍.ഡി.പിയുടെ കൊല്ലത്തെ സംസ്ഥാന കാര്യലായത്തിന് മുന്നിലാണ് പ്രതിഷേധം.
സംസ്ഥാന കാര്യലായത്തിന് മുന്നില്‍ ആദ്യമായാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയുടെ കോലംകത്തിച്ചുള്ള പ്രതിഷേധം. മരിച്ച മഹേഷിന്റെ ആത്മഹത്യാകുറിപ്പില്‍ കേസില്‍ കുടുക്കപ്പെട്ടു എന്ന് പറയുന്ന രണ്ട് പേരും ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു. അതേസമയം കെ.കെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിച്ചു. കത്തിൽ എഴുതിയിരുന്നതെല്ലാം ശരിയാണെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കത്തിലെ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
കത്തിൽ എഴുതിയിരുന്നത് മാത്രമല്ല കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ മഹേശൻ പറഞ്ഞിരുന്നതായി കുടുംബം പറയുന്നു. മഹേശന്റെ ഫോൺകോളുകളടക്കം പരിശോധിക്കണം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാനാണ് തീരുമാനം. മരണത്തിലേക്ക് നയിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാൻ ഏതറ്റം വരെയും പോകുമെന്നും കുടുംബം പ്രതികരിച്ചു. അതേസമയം കത്തിലെ ആരോപണങ്ങൾ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക